'പരാമർശത്തിൽ കുറ്റബോധം ഇല്ല'; ബോബി ചെമ്മണ്ണൂരിന്റെ വൈദ്യ പരിശോധന പൂർത്തിയായി
ഇന്ന് വൈകിട്ടോടെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി: ഹണി റോസിനെതിരെ നടത്തിയ പരാമർശത്തിൽ കുറ്റബോധമില്ലെന്ന് ബോബി ചെമ്മണ്ണൂർ. മാധ്യമങ്ങളോടായിരുന്നു ബോച്ചെയുടെ പ്രതികരണം. ബോബിയുടെ വൈദ്യപരിശോധന എറണാകുളം ജനറൽ ആശുപത്രിയിൽ പൂർത്തിയായി. പിന്നാലെയായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത ബോബിയെ എറണാകുളം കലൂർ സ്‌റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ഭാരതീയ ന്യായ് സംഹിതയിലെ 75ആം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ടിലെ 67ാം വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തി.
കൊച്ചിയിലെത്തിച്ച ബോബി താൻ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു പ്രതികരിച്ചത്. എല്ലാം കോടതിയിൽ തെളിയിക്കുമെന്നും ബോബി പറഞ്ഞിരുന്നു. വയനാട്ടിലെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൂർവയൽ എ ആർ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നു.
ബോബിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയക്കും.
വാർത്ത കാണാം-
Adjust Story Font
16