ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ; പുറത്തിറങ്ങാൻ കഴിയാത്ത തടവുകാർക്ക് ഐക്യദാർഢ്യം
പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന് ബോബി ചെമ്മണ്ണൂർ ജയിൽ അധികൃതരെ അറിയിച്ചു
കൊച്ചി: ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരും. പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന് ബോബി ചെമ്മണ്ണൂർ ജയിൽ അധികൃതരെ അറിയിച്ചു. ബോബിയുടെ നിസഹകരണം ജയിൽ അധികൃതർ നാളെ കോടതിയെ അറിയിക്കും.
നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവ് ഇന്ന് ഉച്ച കഴിഞ്ഞാണ് പുറത്തിറങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായി പാലിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്‌മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കറുത്തത്, തടിച്ചത് മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം. കറുത്തിട്ടാണ്, തടിച്ചിട്ടാണ്,കുള്ളനാണ് തുടങ്ങിയ പരാമർശങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ഒരു സ്ത്രീയെ അവരുടെ രൂപം നോക്കി വിലയിരുത്തിയാൽ അത് നിർവചിക്കുന്നത് അവരെയാണ് നിങ്ങളെയാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂരിനെ കാത്ത് കാക്കനാട് ജയിലിന് പുറത്ത് നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്. പൂച്ചെണ്ടുകൾ നൽകി ബോബിയെ വരവേൽക്കാൻ സ്ത്രീകൾ ഉൾപ്പടെ എത്തിയിരുന്നു. അറസ്റ്റ് ചെയ്‌ത് ആറാമത്തെ ദിവസമാണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. ഹണിറോസിനെതിരായി ജാമ്യഹരജിയിൽ പറഞ്ഞകാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിക്കുകയും ചെയ്‌തു. ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി എന്ത് വിട്ടുവീഴ്‌ചക്കും തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഹരജി വായിക്കുമ്പോൾ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്‌തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു. തുടർന്നാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാൻ കോടതി തീരുമാനിച്ചത്. കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നും കോടതി വിലയിരുത്തി.
Adjust Story Font
16