കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; വിമാനങ്ങള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി
ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്
മലപ്പുറം: കരിപ്പൂരിൽ ഇന്ന് മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ഇൻ്റിഗോ വിമാനത്തിനുമാണ് ഭീഷണി നേരിട്ടത്. ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നി എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ദോഹയിലേക്കുള്ള ഇൻ്റിഗോ-6E87 വിമാനത്തിനുമാണ് ഭീഷണിയുണ്ടായിരുന്നത്. അതേസമയം രാവിലെ 10 മണിയോടെ പറന്നു ഉയർന്ന വിമാനങ്ങൾ ഇറങ്ങേണ്ട വിമാനത്താവളങ്ങളിൽ സുരക്ഷിതമായി ഇറങ്ങി. വ്യാജ ബോംബ് ഭീഷണി വിമാന സർവ്വീസുകളെ സാരമായി ബാധിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾക്കാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്.
ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരേയും ഒരുപോലെ കുഴപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ, കുറഞ്ഞത് 35 വിമാനങ്ങൾക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങളിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്നും 'ഭീഷണികള്‍ക്ക്' പിന്നില്‍ ഭൂരിഭാഗവും പ്രായപൂർത്തിയാവാത്തവരും തമാശയ്ക്ക് ചെയ്യുന്നവരും ആണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരത്തെ വ്യക്തമാക്കിയത്.
Adjust Story Font
16