പുന്നോൽ ഹരിദാസ് കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ബോംബേറ് നടന്നത്
കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ബോംബേറുണ്ടായത്. മാഹിയിലെ സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ 14ാം പ്രതി നിജിൽ ദാസിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ബോംബേറ് നടന്നത്.
വീട്ടുടമസ്ഥാനായ പ്രശാന്തും ഭാര്യ രേഷ്മയുമാണ് നിജിലിന് താമസിക്കാൻ സ്ഥലം നൽകിയിരുന്നത്.പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്തശേഷം വീടിന് മുറ്റത്തേക്ക് രണ്ട് ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. വീടിന് പുറത്തുണ്ടായ കസേരകൾ കിണറ്റിലെറിഞ്ഞ നിലയിലാണ്. പൊലീസ് സംഘം ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് കഴിഞ്ഞ രണ്ടുമാസമായി പ്രതി ഒളിവിൽ കഴിഞ്ഞെന്നത് പൊലീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Adjust Story Font
16