പിളർപ്പിന് പിന്നാലെ പാർട്ടി പിടിക്കാൻ ഐ.എൻ.എല്ലിലെ ഇരു വിഭാഗങ്ങളും; എൽ.ഡി.എഫ് തീരുമാനം നിർണായകം
ആഗസ്ത് 3 ന് കോഴിക്കോട് സംസ്ഥാന കൗണ്‍സില്‍ ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് വഹാബ് പക്ഷത്തിന്‍റെ നീക്കം
പിളർപ്പിന് പിന്നാലെ മേധാവിത്വം തെളിയിക്കാന്‍ ഐ.എന്‍.എല്ലിന്‍റെ രണ്ട് വിഭാഗങ്ങള്‍. ആഗസ്ത് 3 ന് കോഴിക്കോട് സംസ്ഥാന കൗണ്‍സില്‍ ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് വഹാബ് പക്ഷത്തിന്‍റെ നീക്കം. മെമ്പർഷിപ്പ് കാമ്പയിന്‍ നടത്തി പുനഃസംഘടനയിലൂടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനാണ് കാസിം ഇരിക്കൂർ പക്ഷം ആലോചിക്കുന്നത്.
പരസ്പരം പുറത്താക്കിയ സംസ്ഥാന പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും നേതൃത്വം നല്‍കുന്നതാണ് ഐ.എന്‍.എല്ലിന്‍റെ രണ്ട് വിഭാഗങ്ങള്‍. എല്‍.ഡി.എഫിലെ ഘടകക്ഷിയായ യഥാർഥ ഐ.എന്‍.എല്‍ തങ്ങളുടേതാണ് എന്ന നിലപാടാണ് രണ്ട് കൂട്ടർക്കും. തുടർ നീക്കങ്ങളും ഈ സ്ഥാനം ഉറപ്പുവരുത്താനാകും. ആഗസ്ത് 3 ന് വഹാബ് പക്ഷം സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേർത്തിട്ടുണ്ട്. കാസിം ഇരിക്കൂറിനെ പുറത്താക്കിയതടക്കം തീരുമാനങ്ങള്‍ക്ക് അംഗീകാരം വാങ്ങി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഇതിലൂടെ വഹാബ് പക്ഷം ആലോചിക്കുന്നത്. എന്നാല്‍ പ്രവർത്തക സമിതി വിളിച്ചു ചേർത്ത് തീരുമാനങ്ങളെടുത്ത കാസിം ഇരിക്കൂർ പക്ഷം ആത്മവിശ്വാസത്തിലാണ്. മെമ്പർഷിപ്പ് കാമ്പയിന് പൂർത്തിയാക്കി പുനസംഘടന നടത്തുന്നതോടെ സംസ്ഥാന പ്രസിഡന്‍റിന്‍റെ ഒഴിവടക്കം നികത്താന്‍ കഴിയുമെന്ന് അവർ കരുതുന്നു.
മന്ത്രി അഹമ്മദ് ദേവർകോവില്‍ തങ്ങള്‍ക്കൊപ്പമായതിനാല്‍ മുന്നണിയുടെ അംഗീകാരവും ലഭിക്കുമെന്നും അവർ കരുതുന്നു. പാർട്ടിയുടെ ഔദ്യോഗിക പദവി സംബന്ധിച്ച ഇരു വിഭാഗത്തിന്‍റെയും തർക്കം നിയമനടപടിയിലേക്ക് പോകാനുള്ള സാധ്യതയും ഉണ്ട്. അതേസമയം സി.പി.എമ്മും എല്‍.ഡി. എഫും ഈ വിഷയത്തിലെടുക്കുന്ന നിലപാടാകും നിർണാകമാവുക. ഏതെങ്കിലുമൊരു പക്ഷെത്ത എല്‍.ഡി.എഫ് പിന്തുണച്ചാല്‍ മറു വിഭാഗം പാർട്ടിയില്‍ നിന്ന് പുറത്താവുകയാകും ചെയ്യുക. സമവായ ചർച്ചക്ക് ഇനി സി.പി.എം മുന്‍കയ്യെടുക്കുമോ എന്നതും നിർണായകമാണ്.
Adjust Story Font
16