കേരളത്തിലെ മുഴുവൻ സ്റ്റാർ ബക്സ് ഔട്ട്ലറ്റുകളുടെയും മുന്നിൽ ബഹിഷ്കരണാഹ്വാന സമരം നടത്തും - ഫ്രറ്റേണിറ്റി മൂവ്മെന്റ്
ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 10, 11 തീയതികളിലാണ് ബഹിഷ്കരണാഹ്വാന സമരം നടക്കുക
കോഴിക്കോട്: ബഹിഷ്കരണാഹ്വാന സമരങ്ങളെ കലാപാഹ്വാന കേസെടുത്ത് ഒതുക്കാനാണ് കേരള പോലീസ് ശ്രമമെങ്കിൽ കേരളത്തിലെ മുഴുവൻ സ്റ്റാർ ബക്സ് ഔട്ട്ലറ്റുകളുടെയും മുന്നിൽ ബഹിഷ്കരണാഹ്വാന സമരം നടത്തി നേരിടുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ.
ബി.ഡി.എസ് മൂവ്മെന്റിലൂടെ കുത്തക കമ്പനിയായ സ്റ്റാർ ബക്സിനെതിരെ ശക്തിയാർജിച്ചു കൊണ്ടിരിക്കുന്ന ബഹിഷ്കരണാഹ്വാന സമരത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഔട്ട്ലറ്റിനു മുന്നിൽ കഴിഞ്ഞ ദിവസം ‘വംശഹത്യക്ക് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കുക, സ്റ്റാർ ബക്സ് ബഹിഷ്കരിക്കുക’ എന്ന ബാനർ ഉയർത്തിയ ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ പ്രവർത്തകരായ ആറ് ഫറൂഖ് കോളേജ് വിദ്യാർത്ഥികളെ കലാപാഹ്വാനമടക്കം ചുമത്തിയാണ് കേരള പോലീസ് അറസ്റ്റ് ചെയ്തത്. അതിനെതിരെ കോഴിക്കോട് ബീച്ചാൽ ജനാധിപത്യപരമായി പ്രതിഷേധിച്ചവരിൽ 40 പേർക്കെതിരെ ഇന്നലെ വീണ്ടും കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
ഫലസ്തീൻ ഐക്യദാർഢ്യ സമരങ്ങളിൽ ലോകാടിസ്ഥാനത്തിൽ ഏറ്റവും ശക്തിയാർജിച്ച മൂവ്മെൻറാണ് BDS (Boycott, Divest, Sanction). സയണിസ്റ്റ് കൂട്ടക്കുരുതിക്ക് സാമ്പത്തികമായും രാഷ്ട്രീയമായും ധാർമ്മികമായും പിന്തുണ നൽകുന്ന കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്കെതിരെ നടത്തുന്ന ബഹിഷ്കരണ യുദ്ധത്തിൽ (Boycott War) ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളിലെ ജനങ്ങളും പങ്കാളികളാണ്.
ഫലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ തന്നെ ലോക വേദിയായ ബി.ഡി.എസിനെ തന്നെ അപഹസിക്കുന്നതാണ് കേരള പോലീസിൻ്റെ വംശഹത്യാനുകൂല നിലപാട്. ഇക്കാര്യത്തിൽ കേരള സർക്കാരും ആഭ്യന്തര വകുപ്പും പൊതു സമൂഹത്തിന് മുന്നിൽ വിശദീകരണം നൽകേണ്ടതുണ്ട്.
സയണിസത്തിന്റെ വംശഹത്യ സമീപനത്തെയും അതിനെ പിന്തുണക്കുന്ന കുത്തകകളടക്കമുള്ളവരെയും പ്രോത്സാഹിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പിണറായി പോലീസിന്റെ സയണിസ്റ്റ് അനുകൂല നടപടിക്കെതിരെ കേരളത്തിലെ മുഴുവൻ സ്റ്റാർ ബക്സ് ഔട്ട്ലറ്റുകളുടെയും മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബഹിഷ്കരണാഹ്വാന സമരം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനുവരി 10, 11 (ബുധൻ, വ്യാഴം) തീയതികളിലായി കേരളത്തിലുടനീളം ബഹിഷ്കരണാഹ്വാന സമരം നടക്കും. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ചോരകുടിച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്ന കുത്തക ഭീകര സ്ഥാപനത്തിനെതിരെ കേരളത്തിലെ വിദ്യാർത്ഥി - യുവജനങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ഷെഫ്റിൻ ആവശ്യപ്പെട്ടു
Adjust Story Font
16