കേരള ചിക്കൻ പദ്ധതിയിൽ പണം മുടക്കിയ കർഷകർക്ക് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പണം മടക്കി നൽകുന്നില്ലെന്ന് പരാതി
ബ്രഹ്മഗിരി ചിക്കൻ ഫാർമേഴ്സ് ഫെഡറേഷനാണ് പരാതിയുമായെത്തിയത്
പ്രതീകാത്മക ചിത്രം
വയനാട്: കേരള ചിക്കൻ പദ്ധതിയിൽ പണം മുടക്കിയ കർഷകർക്ക് വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പണം മടക്കി നൽകുന്നില്ലെന്ന് പരാതി. ബ്രഹ്മഗിരി ചിക്കൻ ഫാർമേഴ്സ് ഫെഡറേഷനാണ് പരാതിയുമായെത്തിയത്. 94 കർഷകർക്കായി ലഭിക്കാനുള്ളത് മൂന്നരക്കോടി രൂപയെന്നും ഫെഡറേഷൻ അറിയിച്ചു .
2018 ഡിസംബർ 30ന് മലപ്പുറത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ചിക്കൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരളത്തിന് ആവശ്യമായ കോഴികളെ ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, കേരള പൗൾട്രി മിഷൻ, കെപ്കോ, കുടുംബശ്രീ എന്നിങ്ങനെ നാല് നോഡൽ ഏജൻസികളെയാണ് സർക്കാർ ഇതിന് തെരഞ്ഞെടുത്തത്. മലബാർ മേഖലയിൽ പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പക്ഷെ, പദ്ധതിയിൽ പങ്കാളികളായ കോഴി കർഷകർക്ക് മാസങ്ങളായിട്ടും പണം നൽകിയില്ലെന്നാണ് പരാതി. ജനുവരിയിൽ സമരം നടത്തിയപ്പോർ മാർച്ച് 31 നകം പണം നൽകാമെന്നായിരുന്നു സൊസൈറ്റി നൽകിയ ഉറപ്പ്.
ഭീമമായ തുക മുടക്കി ഷെഡ്ഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയവർ പണം കിട്ടാതായതോടെ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്തവരും കർഷകരിലുണ്ട്. 2018 - 19 വർഷത്തെ സംസ്ഥാന ബജറ്റിൽ 38 കോടി രൂപ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരുന്നു. എന്നാൽ പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് സി.പി.എം വയനാട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ വിശദീകരണം. സൊസൈറ്റിയുടെ കൊടുകാര്യസ്ഥതക്കൊപ്പം സമയബന്ധിതമായി സർക്കാർ ഫണ്ട് നൽകാത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാകാമെന്ന് കർഷകരും പറയുന്നു. പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കങ്കിൽ കുടുംബസമേതം സമരത്തിനിറങ്ങാനാണ് കർഷകരുടെ തീരുമാനം.
Adjust Story Font
16