ബ്രഹ്മപുരം വേസ്റ്റ് ടു എനർജി: ജി.ജെ കമ്പനിയെ പുറത്താക്കിയതിൽ ദുരൂഹത
സോണ്ടയെ കൊണ്ടുവരാൻ ജിജെയെ ഒഴിവാക്കിയതെന്ന് സംശയം
കൊച്ചി: ബ്രഹ്മപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വേസ്റ്റ് ടു എനർജി പദ്ധതി രണ്ട് വർഷത്തിനു ശേഷം നിലച്ചത് സംശയകരമായ സാഹചര്യത്തിൽ. നാല് വർഷം പ്രവർത്തിച്ച ജി ജെ കമ്പനിയുമായുള്ള കരാർ സർക്കാർ റദ്ദാക്കിയത് പെട്ടന്നായിരുന്നു.
ബ്രഹ്മപുരം തീപിടിത്തത്തിൽ പ്രതിസ്ഥാനത്തുള്ള സോണ്ട ഇൻഫ്രാടെകിനെ പദ്ധതി ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനമെങ്കിലും കോർപറേഷന്റെ എതിർപ്പ് മൂലം നടന്നിട്ടില്ല. ബയോ ഡ്രയിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകുന്നതായിരുന്നു പദ്ധതി.
2018 ലാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ കോവിഡിന്റെ ഒന്നാം തരംഗം ആരംഭിച്ചയുടൻ 2020 ഏപ്രിൽ 30 ന് ജി ജെ കമ്പനിയുമായുള്ള കരാർ സർക്കാർ റദ്ദാക്കി. ബ്രഹ്മപുരം കത്തിയതിന് ശേഷം ഈ മാസം പതിനഞ്ചിന് നിയമസഭയിൽ മുഖ്യമന്ത്രി ഇതുസംബന്ധിച്ച വിശദീകരണം നൽകി.
2014 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ജി ജെ കമ്പനിയുമായുള്ള ചർച്ച തുടങ്ങുന്നത്. 2016 ൽ നിർമാണ കരാർ ഒപ്പിട്ടു. 2020 ജനുവരി 31 നാണ് കമ്പനി ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില നൽകുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങി തൊണ്ണൂറാം ദിവസം ജിജെ കമ്പനിയുമായുള്ള കരാർ സർക്കാർ റദ്ദാക്കി.
ജി ജെ കമ്പനി പുറത്താക്കപ്പെട്ട ശേഷമാണ് സോണ്ട ഇൻഫ്രാടെകിന് ബ്രഹ്മപുരത്തെ വേസ്റ്റ് ടു എനർജി പദ്ധതി കൂടി നൽകാൻ സർക്കാർ തീരുമാനിക്കുന്നത്. ബ്രഹ്മപുരം തീപിടിത്തത്തോടെ ബയോ മൈനിംഗ് നടത്താനുള്ള ശേഷി പോലും സോണ്ടക്കില്ലെന്ന് വ്യക്തമായി. സോണ്ടയെ കൊണ്ടുവരാൻ ജി ജെ കമ്പനിയെ ആസൂത്രിതമായി പുറത്താക്കിയതാണോ എന്ന സംശയമാണ് ഉയരുന്നത്.
Adjust Story Font
16