കൈക്കൂലി കേസ്; ടോമിൻ ജെ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി
തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ അന്വ ഷണ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു
തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി.തിരുവനന്തപുരം വിജിലന്‍സ് കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പ്രോസിക്യൂഷന്‍ അനുമതി തേടിയത്. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ അന്വ ഷണ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു.
2016-ൽ ഗതാഗത കമ്മിഷണർ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് ടോമിൻ തച്ചങ്കരിക്കെതിരായ കേസ്. പാലക്കാട് ആർ.ടി.ഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. ഇന്‍റലിജൻസ് മേധാവിയായിരുന്ന ശ്രീലേഖയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ആയിരുന്ന ജേക്കബ് തോമസാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ഫോൺ സംഭാഷണം ശരവണൻ വിജിലൻസ് സംഘത്തോട് സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് ആണ് വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് തള്ളിയ കോടതി സർക്കാർ അനുമതിയോടെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കാരിന് കത്തയച്ചത്. വിരമിക്കാൻ കാലാവധി അടുത്തിരിക്കെ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകുമോ എന്നാണ് അറിയേണ്ടത്.
Adjust Story Font
16