ഗൂഗിൾ പേ വഴി കൈക്കൂലി; കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിലുളള പൊലീസ് ഉദ്യോഗസ്ഥർ അമിത ഭാരം കയറ്റിയ വാഹനങ്ങളിൽനിന്ന് 1500 രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് നൽകുന്നുവെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചി: എറണാകുളത്ത് മണൽ മാഫിയയിൽനിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ പൊലീസ് ഉദ്യോസ്ഥർക്കെതിരെ നടപടിയുണ്ടാകും. പുത്തൻകുരുശ് പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്. സസ്‌പെൻഷനിലായ എസ്.ഐമാർ കൈപ്പറ്റിയ കൈക്കൂലിയുടെ വിഹിതം ഇവരിലേക്കും പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മണൽ മാഫിയയിൽനിന്ന് ഗുഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പുത്തൻ കുരുശ് പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാരെ കഴിഞ്ഞ ദിവസം റൂറൽ എസ്.പി വിവേക് കുമാർ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. നിലവിൽ അഞ്ച് സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്. പുത്തൻകുരിശ് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർ്‌ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. പുത്തൻകുരിശ് സി.ഐ സന്നിധാനം ഡ്യൂട്ടിയിലായിരുന്ന സമയത്ത് എസ്.ഐമാർക്കായിരുന്നു സ്റ്റേഷൻ ചുമതല. ഇതിനിടയിലാണ് മണൽ മാഫിയയിൽനിന്ന് ഇരുവരും കൈക്കൂലി വാങ്ങിയത്.
സസ്‌പെൻ്ഷനിലായ എസ്.ഐമാരായ അബ്ദുറഹ്മാനും ജോയി മത്തായിയും ചേർന്ന് 15,000 രൂപയാണ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഗൂഗിൾ പേ നമ്പറിലേക്ക് അയച്ചു നൽകാനാണ് പൊലീസുകാർ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകളടക്കം വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പൊലീസുകാർ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതിനിടെ കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിലുളള പൊലീസ് ഉദ്യോഗസ്ഥർ അമിത ഭാരം കയറ്റിയ വാഹനങ്ങളിൽനിന്ന് 1500 രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് നൽകുന്നുവെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16