'നിങ്ങൾ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന വാദം തെറ്റ്'; മുകേഷിന്റെ രാജിയിൽ പാർട്ടി നിലപാടിനെതിരെ ബൃന്ദാ കാരാട്ട്
കോൺഗ്രസ് എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, എം. വിൻസന്റ് എന്നിവർക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയർന്നിരുന്നുവെങ്കിലും ഇരുവരും രാജിവെച്ചിട്ടില്ല.
ന്യൂഡൽഹി: ലൈംഗികപീഡനാരോപണം ഉന്നയിക്കപ്പെട്ട നടൻ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടെന്ന സി.പി.എം നിലപാടിനെതിരെ പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതികരണം. 'ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകൾ' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
കോൺഗ്രസ് എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, എം. വിൻസന്റ് എന്നിവർക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയർന്നിരുന്നുവെങ്കിലും ഇരുവരും രാജിവെച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മുകേഷും രാജിവെക്കേണ്ടതില്ല എന്ന നിലപാട് സി.പി.എം സ്വീകരിച്ചത്. മുന്നണി കൺവീനർ തന്നെ ഇത് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് ബാലിശമായ വാദമാണെന്നാണ് ബൃന്ദാ കാരാട്ട് ലേഖനത്തിൽ പറയുന്നത്.
നിങ്ങൾ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന നിലപാട് തെറ്റാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പീഡനാരോപണം ഉയർന്നിട്ടും കോൺഗ്രസ് ഇവരെ സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങൾ ഇവരെ പിന്തുണക്കുന്നുവെന്നും ബൃന്ദ വിമർശിച്ചു. ഇതിന് പിന്നാലെയാണ് മുകേഷ് വിഷയത്തിൽ പരോക്ഷ വിമർശനമുന്നയിക്കുന്നത്.
Adjust Story Font
16