ഹിജാബ് നിഷേധിക്കാൻ ആർക്കാണ് അധികാരം: ബൃന്ദ കാരാട്ട്
"തല മറയ്ക്കുന്ന സ്‌കാർഫ് മാത്രമാണ് ഹിജാബ്. ബുർഖയല്ല."
ഹിജാബിന്റെ പേരിലുള്ള വിവാദം മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഹിജാബ് ധരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിക്കാൻ ആർക്കാണ് അധികാരമെന്നും അവർ ചോദിച്ചു. ദേശാഭിമാനി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൃന്ദ ഇതേക്കുറിച്ച് സംസാരിച്ചത്.
'സ്ത്രീകൾ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിക്കാൻ ആർക്കാണ് അധികാരം. എന്തുകൊണ്ടാണ് ആണുങ്ങൾ തലപ്പാവ് ധരിച്ച് സ്‌കൂളിലോ കോളേജിലോ വരരുതെന്ന് പറയാത്തത്. സ്ത്രീയുടെയും പുരുഷന്റെയും വിഷയത്തിൽ ഇരട്ടനിലപാടാണ് ഭരണക്കാർക്ക്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. പ്രധാനമന്ത്രിയുടെ നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണ്. തല മറയ്ക്കുന്ന സ്‌കാർഫ് മാത്രമാണ് ഹിജാബ്. ബുർഖയല്ല. തെറ്റിദ്ധാരണ പരത്തുകയാണിവിടെ. ഹിജാബിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്ലിം പെൺകുട്ടികളെ ആക്രമിക്കൽമാത്രമല്ല, അവരുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കലുമാണ്. കർണാടകത്തിലെ ബിജെപി സർക്കാർ ക്രിമിനലുകൾക്ക് ലൈസൻസ് നൽകിയിരിക്കയാണ്.' - അവർ പറഞ്ഞു.
ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാർ സ്ത്രീകളെ പല തരത്തിലും ദ്രോഹിക്കുന്നതായും അവർ കുറ്റപ്പെടുത്തി. 'സ്ത്രീ പുരുഷനെക്കാൾ ഏഴടി പിന്നിൽ നിൽക്കണമെന്നാണ് മനുവാദികൾ പറയുന്നത്. സ്ത്രീ വീട്ടുജോലിക്കും പ്രസവിക്കാനും മാത്രമുള്ളവരാണെന്ന് മോഹൻ ഭാഗവതിനെപ്പോലുള്ളവരും പറയുന്നു. ആദർശകുടുംബം അങ്ങനെയായിരിക്കണമെന്ന് അവർ വാദിക്കുന്നു.' - അവർ ചൂണ്ടിക്കാട്ടി.
ദേശീയതലത്തിൽ കോൺഗ്രസിന്റ ശക്തി ക്ഷയിച്ചെന്നും ബിജെപിക്ക് വഴങ്ങുന്ന നിലപാടാണ് അവരുടേത് എന്നും ബൃന്ദ ആരോപിച്ചു. 'ഒന്നിലും നിലപാടില്ലാത്ത പാർട്ടിയായി കോൺഗ്രസ്. നേതാക്കൾ ഏതു നിമിഷവും ബിജെപിയിലേക്ക് ചാടാം. കോൺഗ്രസാണ് നവ ഉദാരവൽക്കരണത്തിന് തുടക്കംകുറിച്ചത്. അദാനിക്കും അംബാനിക്കുമൊക്കെ വളംവച്ചുകൊടുത്തത് അവരാണ്. കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചു. ബിജെപിക്ക് വഴങ്ങുന്ന നിലപാടാണ് അവർക്ക്.' - അവർ കൂട്ടിച്ചേർത്തു.
Summary: CPM politburo member Brinda Karat has said that the controversy over the hijab is undermining the right to education of Muslim girls. They also asked who had the authority to stipulate that the hijab should not be worn.
Adjust Story Font
16