ബ്രോഡ് ഗേജിൽ മാറ്റം വരുത്തില്ല; സിൽവർലൈനിൽ വഴങ്ങാതെ റെയിൽവേ
സംസ്ഥാന സർക്കാർ മന്ത്രാലയവുമായി നടത്തിയ രണ്ടാംഘട്ട ചർച്ചയിലും പുരോഗതിയില്ല
തിരുവനന്തപുരം: കെ-റെയിലിൽ പ്രതിസന്ധി തുടരുന്നു. ബ്രോഡ് ഗേജ് അടക്കമുള്ള നിർദേശങ്ങളിൽ മാറ്റംവരുത്താനാകില്ലെന്ന് റെയിൽവേ വ്യക്തമാക്കി. സംസ്ഥാന സർക്കാർ മന്ത്രാലയവുമായി നടത്തിയ രണ്ടാംഘട്ട ചർച്ചയിലും പുരോഗതി ഇല്ല. സിൽവർലൈനുമായി ബന്ധപ്പെട്ട നിലപാട് മാറ്റാൻ തയാറാകില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ. ഇനി സംസ്ഥാന സർക്കാരാണു ബദൽ നിർദേശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്.
ഇന്നലെ നടന്ന രണ്ടാംഘട്ട ചർച്ചയിലും റെയിൽവേ നേരത്തെ മുന്നോട്ടുവച്ച നിർദേശങ്ങൾ ആവർത്തിക്കുകയായിരുന്നു. അർധ അതിവേഗ പാതയെന്ന സിൽവർലൈൻ ലക്ഷ്യം പൂർത്തീകരിക്കാനാകില്ലെന്ന വാദം ആവർത്തിച്ചിരിക്കുകയാണ് കെ-റെയിൽ വൃത്തങ്ങൾ. ലക്ഷ്യമിടുന്ന വേഗം ബ്രോഡ് ഗേജിൽ സാധ്യമാകില്ലെന്നാണു സൂചിപ്പിച്ചത്. ചരക്ക് ട്രെയിനുകൾ ഈ പാതയിലേക്ക് അനുവദിച്ചാൽ യാത്രാട്രെയിനുകളുടെ വേഗത കുറയും. ഡിപിആറിൽ മുന്നോട്ടുവച്ച സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നതിന് ഇതു തടസമാകും.
നിലവിലെ നയം പ്രകാരം ബ്രോഡ് ഗേജിൽ മാത്രമേ പാത അനുവദിക്കാനാകൂവെന്ന് ആവർത്തിച്ചിരിക്കുകയാണ് റെയിൽവേ. നിലവിലെ സ്ഥിതിയിൽ കെ-റെയിലിനു തീരുമാനം കൈക്കൊള്ളാനാകില്ല. ഇനി സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ മുന്നോട്ടുപോക്ക്.
ബ്രോഡ് ഗേജ്-സ്റ്റാൻഡേഡ് ഗേജ് തർക്കത്തിനപ്പുറമുള്ള മറ്റുചില കാര്യങ്ങളും റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദങ്ങളും യോഗത്തിൽ കെ-റെയിൽ അവതരിപ്പിച്ചിരുന്നു. 160 കി.മീറ്റർ വേഗതയുള്ള പാതകൾ ഡെഡിക്കേറ്റഡ് റൂട്ടുകളാകണമെന്ന് 2018ലെ ഇന്ത്യൻ റെയിൽവേ വേഗനയത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിൽവർലൈൻ ഡിപിആർ രൂപീകരിച്ചതെന്നാണ് കെ-റെയിൽ മറുപടി നൽകിയത്. ഈ നയം അനുസരിച്ച് ഡൽഹി-മീറത്ത് പാത കമ്മിഷൻ ചെയ്ത കാര്യവും കേരളം ഓർമിപ്പിച്ചിരുന്നു. ഇതിനു പുറമെ മുംബൈ-അഹ്മദാബാദ്-ഡൽഹി ഡെഡിക്കേറ്റഡ് പാതയുമുണ്ടെന്നും സൂചിപ്പിച്ചു. ഇവർക്കെല്ലാം അനുവദിച്ചതു പ്രകാരം സിൽവർലൈനും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് കെ-റെയിൽ ആവശ്യപ്പെട്ടത്.
Watch Video Report Here
Summary: 'Broad gauge will not be changed': Indian Railway remains firm on Kerala's Silverline project
Adjust Story Font
16