സർവേ നമ്പറുള്ള പുതിയ ബഫർസോൺ ഭൂപടത്തിലും ആശയക്കുഴപ്പം
ഒരേ സർവേ നമ്പറിൽ തന്നെ ചില പ്രദേശങ്ങൾ ബഫർസോണിനു അകത്തും പുറത്തുമാണ്
ബഫർസോണിൽ സർവേ നമ്പറുള്ള ഭൂപടം പ്രസിദ്ധീകരിച്ചതോടെ ആശയക്കുഴപ്പം അതിരൂക്ഷം. ഒരേ സർവേ നമ്പറിൽ തന്നെ ചില പ്രദേശങ്ങൾ ബഫർസോണിനു അകത്തും പുറത്തുമാണ്. സർക്കാർ എതിർപ്പിനെ തുടർന്ന് വേണ്ടെന്നു വെച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ സർവേ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം ഇറക്കിയത്.
ഉപഗ്രഹ സർവേ റിപ്പോർട്ടിലും നേരത്തെ പ്രസിദ്ധീകരിച്ച ഭൂപടത്തിലും പുതിയ ഭൂപടത്തിലും പരാതി നൽകാമെന്നാണ് സർക്കാർ പറയുന്നത്. മൂന്നു റിപ്പോർട്ടിലും ഒരേ പ്രദേശങ്ങൾ വ്യത്യസ്തമായാണ് ബഫർസോൺ രേഖപ്പെടുത്തിയത്. പരാതികളിൽ തീർപ്പ് കല്പിച്ചു നിശ്ചിത സമയത്തിൽ റിപ്പോർട്ട് സുപ്രിംകോടതിയിൽ നൽകാനാകുമോ എന്നതാണ് പ്രധാന വെല്ലുവിളി.
കാഞ്ഞിരപ്പള്ളി രൂപത ജനകീയ പ്രക്ഷോഭത്തിന്
ബഫര്‍സോണ്‍ വിഷയത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കാഞ്ഞിരപ്പള്ളി രൂപത. ഇൻഫാമിന്റെ നേതൃത്വത്തിലാണ് നാളെ മുണ്ടക്കയത്ത് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ പരിപാടി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പിളിക്കൽ ഉദ്ഘാടനം ചെയ്യും.
ബഫർസോണിൽ സർക്കാർ മാപ്പുകൾ ഇറക്കിയിട്ടും കോട്ടയം ജില്ലയിലെ ജനവാസ മേഖലകളായ പല സ്ഥലങ്ങളിലും ഇതിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. എരുമേലി പഞ്ചായത്തുകളിലെ പമ്പാവാലി എയ്ഞ്ചൽ വാലി പ്രദേശങ്ങൾ ഇപ്പോഴും വനമേഖലയായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബഫർസോണിൽ പോലും ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ വൈകുന്നതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപത കടക്കുന്നത്. ഇൻഫാമിന്റെ നേതൃത്വത്തിൽ നാളെ മുണ്ടക്കയത്താണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.
ഇടുക്കിയില്‍ സര്‍വകക്ഷിയോഗം
ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ ഫീൽഡ് സർവെ ആരംഭിച്ച ശേഷമുള്ള ആദ്യ സർവകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഇടുക്കി കളക്ട്രേറ്റിലാണ് യോഗം. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ, വനം റവന്യൂ ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ കൂട്ടിച്ചേർക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഇടങ്ങളും ഫീൽഡ് സർവെ സംബന്ധിച്ച വിവരങ്ങളും യോഗം വിലയിരുത്തും. സർവേ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളും യോഗം ചർച്ച ചെയ്യും.
Adjust Story Font
16