ബഫർസോൺ: ശാശ്വത പരിഹാരത്തിന് സർക്കാർ ഉടൻ ഇടപെടണം - കെ.സി.ബി.സി
11.12.2022-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്മേലുള്ള ആശങ്കകൾ അറിയിക്കാനുള്ള സമയപരിധി 23.12.2022 എന്ന് നിശ്ചയിച്ചത് തീർത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും കർദിനാൾ ക്ലീമിസ് ബാവ പറഞ്ഞു.
കൊച്ചി: ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് കെ.സി.ബി.സി. ബഫർസോൺ പ്രദേശങ്ങളെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ മതിയായ പൊതുജന താത്പര്യം മുൻനിർത്തി അവിടെയുള്ള നിർമിതികളുടെ റിപ്പോർട്ടുകൾ തയ്യാറാക്കി, പുനഃപരിശോധനക്കായി സുപ്രിംകോടതിയെ സമീപിക്കാൻ സർക്കാരുകൾക്ക് മാത്രം അവസരം നൽകിക്കൊണ്ടാണ് 2022 ജൂൺ മൂന്നിന് വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ആകാശദൂരം ബഫർസോണായി സുപ്രിംകോടതി ഉത്തരവിട്ടത്. സംസ്ഥാന സർക്കാർ കൃത്യമായ ഡാറ്റയുടെ പിൻബലത്തിൽ സമീപിച്ചാൽ ബഫർസോൺ സംബന്ധിച്ച ആവശ്യമായ ഭേദഗതികൾക്ക് സുപ്രിംകോടതി സന്നദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന സത്വര നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു.
കേരള സർക്കാർ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പരിസ്ഥിതിലോല മേഖലയിലുള്ള ജനവാസ മേഖലകളേയും അവിടെയുള്ള ഭവനങ്ങൾ, സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ, ഇതര നിർമിതികൾ, കൃഷിയിടങ്ങൾ എന്നിവയുടെ കണക്കെടുക്കുവാൻ റിമോട്ട് സെൻസിങ് ആന്റ് എൻവയൺമെന്റ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിന്റെ വസ്തുതാപരിശോധന പരിസ്ഥിതിലോല പ്രദേശങ്ങളിൽ നേരിട്ട് നടത്തുന്നതിനായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായി ഒരു അഞ്ചംഗ വിദഗ്ധ സമിതിയെയും സെപ്റ്റംബറിൽ നിയോഗിച്ചു. ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ടെത്തി വസ്തുതാ പരിശോധന നടത്തുന്നതിന് സാവകാശം കിട്ടിയെന്നു കരുതാനാവില്ല. അതിനാൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധിതമായി വസ്തുതാ റിപ്പോർട്ട് തയ്യാറാക്കുന്നത് ജനങ്ങൾക്ക് സഹായകരമായിരിക്കും.
11.12.2022-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്മേലുള്ള ആശങ്കകൾ അറിയിക്കാനുള്ള സമയപരിധി 23.12.2022 എന്ന് നിശ്ചയിച്ചത് തീർത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെ.സി.ബി.സി നേരത്തെ ആവശ്യപ്പെട്ടിരുന്നതുപോലെ ഗ്രാമ പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചത് 115 പഞ്ചായത്തുകളിലും ആവശ്യമാണ്. അവിടെയെല്ലാം ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്സിനേയും ചുമതലപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, പട്ടയമോ സർവേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളിൽ കഴിയുന്ന കർഷകരുടെ വിഷയവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വന്യജീവി സങ്കേതങ്ങൾ ജനവാസ കേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റർ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിച്ച് കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തി സുപ്രിംകോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സർക്കാർ പരിഗണിക്കേണ്ടതുമാണെന്ന് കർദിനാൾ ക്ലീമിസ് ബാവ പറഞ്ഞു.
Adjust Story Font
16