ബസുകള്‍ ഓടിത്തുടങ്ങി: ഒറ്റ - ഇരട്ട നമ്പര്‍ ക്രമീകരണം അപ്രായോഗികമെന്ന് ബസുടമകള്‍
ഡീസല്‍ വില വര്‍ധനയും ഒന്നിടവിട്ട സര്‍വീസും നഷ്ടം തന്നെയാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.
ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി. രജിസ്ട്രേഷൻ നമ്പർ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന ബസുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. എന്നാല്‍ ഒറ്റ - ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമാണെന്നാണ് ബസുടമകളഉടെ നിലപാട്. ഇക്കാര്യം ചർച്ച ചെയ്യാൻ വൈകീട്ട് ബസുടമകള്‍ യോഗം ചേരും. നിബന്ധനകളോടെ കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നുണ്ട്.
കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ പൊതുഗതാഗതത്തിനും സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച ഒറ്റ അക്ക സംഖ്യയില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള ബസുകള്‍ക്ക് ഓടാം. വരുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറുകളിലുള്ള ബസുകള്‍ക്ക് നിരത്തിലിറങ്ങാമെന്നാണ് നിബന്ധന.
എന്നാല്‍ പ്രായോഗികമല്ലാത്ത തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധനയും ഒന്നിടവിട്ട സര്‍വീസും നഷ്ടം തന്നെയാണെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു.
ഭാഗികമായി സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ നിര്‍ദേശം. ദീര്‍ഘദൂര സര്‍വീസുകളാണ് പ്രധാനമായും കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. പ്രാദേശികമായ സര്‍വീസ് ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അവശ്യമേഖലയിലുള്ളവര്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.
Adjust Story Font
16