Quantcast

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിലൂടെ മുഖ്യമന്ത്രിയും ചരിത്രത്തെ നിന്ദിക്കുകയാണ്; എസ്‌ഡിപിഐ

പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രയേൽ പ്രതിനിധിസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച നടത്തിയത്

MediaOne Logo

Web Desk

  • Published:

    16 Dec 2022 4:50 PM GMT

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിലൂടെ മുഖ്യമന്ത്രിയും ചരിത്രത്തെ നിന്ദിക്കുകയാണ്; എസ്‌ഡിപിഐ
X

ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ തമ്മി ബെന്‍ഹൈമിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനെ രൂക്ഷമായി വിമർശിച്ച് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ബെന്‍ഹൈമിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇസ്രയേലുമായി കേരളത്തിന് പൗരാണിക കാലം മുതല്‍ ബന്ധമുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുകയാണ്.

ടൂറിസം കൃഷി ഉള്‍പ്പെടെയുള്ള മേഖലയില്‍ ഇസ്രയേലുമായി മുഖ്യമന്ത്രി സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 1948ല്‍ രൂപം കൊണ്ട സയണിസ്റ്റ് രാജ്യമായ ഇസ്രയേലുമായുള്ള ചങ്ങാത്തത്തിലൂടെ ഫാഷിസ്റ്റുകളെ പോലെ തന്നെ മാക്‌സിസ്റ്റ് മുഖ്യമന്ത്രിയും ചരിത്രത്തെ നിന്ദിക്കുകയാണ്. സാമ്രാജ്യത്വ മൂലധന ശക്തികളോടും ഫാഷിസ്റ്റ് ഭീകരതയോടും അടിയറവ് പറഞ്ഞതിന് ശേഷം സയണിസത്തെയും വെള്ളപൂശാനുള്ള ശ്രമം അപകടകരമാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രായേൽ പ്രതിനിധിസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച നടത്തിയത്. ചർച്ച ഗുണപരമായിരുന്നുവെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. സഹകരണത്തിനെതിരെ ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമർശിച്ച് എസ്‌ഡിപിഐ നേതാവും രംഗത്തെത്തിയത്.

TAGS :

Next Story