വീണ്ടും രാഷ്ട്രീയ പോരാട്ടം; 42 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്
12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്
- Published:
13 April 2022 1:59 PM GMT
സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
വിജ്ഞാപനം ഏപ്രിൽ 20ന് പുറപ്പെടുവിക്കും. 20 മുതൽ 27 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രിൽ 30 വരെ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണൽ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
അർഹതയുള്ള സ്ഥാനാർഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് നാമനിർദ്ദേശ പത്രികയോടൊപ്പം കമ്മീഷൻ പുതിയതായി ഏർപ്പെടുത്തിയ ഫാം കൂടി പൂരിപ്പിച്ചു നൽകണം. തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നൽകിയിരുന്നു. സപ്ലിമെന്ററി പട്ടികകൾ ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമുള്ള പരിശീലനം കമ്മീഷൻ ഓഫീസിൽ നൽകി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:
- തിരുവനന്തപുരം ജില്ല - അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്.
- കൊല്ലം ജില്ല - വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കൽ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം
- പത്തനംതിട്ട ജില്ല - കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്
- ആലപ്പുഴ ജില്ല - ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്
- കോട്ടയം ജില്ല - ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം
- ഇടുക്കി ജില്ല - ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവൻകുടി, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ചേമ്പളം
- എറണാകുളം ജില്ല - കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്ത്നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ
- തൃശ്ശൂർ ജില്ല - വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവൻകാട്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വെളയനാട്
- പാലക്കാട് ജില്ല - ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂർ
- മലപ്പുറം ജില്ല - ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട
- കോഴിക്കോട് ജില്ല - കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം
- കണ്ണൂർ ജില്ല - കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട്, പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവ്വേലി, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട്.
By-polls in 42 local body wards will be held on May 17
Adjust Story Font
16