Quantcast

പ്രചാരണച്ചൂടിൽ മുന്നണികൾ; വോട്ടുതേടി നേതാക്കൾ

വയനാട് യൂത്ത് ഫോർ പ്രിയങ്ക എന്ന പേരിൽ ക്യാമ്പയിനുമായി യുവജന സംഘടനാ പ്രവർത്തകർ

MediaOne Logo

Web Desk

  • Published:

    26 Oct 2024 1:11 AM GMT

പ്രചാരണച്ചൂടിൽ മുന്നണികൾ; വോട്ടുതേടി നേതാക്കൾ
X

പാലക്കാട്: കോൺഗ്രസ് വിമതൻ എ.കെ ഷാനിബിനെ പിന്തിരിപ്പിക്കാനും പാർട്ടി വിട്ടെന്ന് പ്രഖ്യാപിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനെ തിരികെ എത്തിക്കാനും കഴിഞ്ഞ ആത്മവിശ്വാസത്തിൽ എൽഡിഎഫ് പാലക്കാട്ട് പ്രചരണം ശക്തമാക്കും. രാവിലെ സ്വകാര്യ സന്ദർശനങ്ങൾക്ക് സമയം കണ്ടെത്തുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിൻ ഉച്ചയ്ക്ക്ശേഷം പ്രചരണത്തിനിറങ്ങും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പിരായിരി പഞ്ചായത്ത് കേന്ദ്രീകരിച്ചാകും പ്രചരണത്തിനിറങ്ങുക. പാലക്കാട് നോർത്ത്, ഈസ്റ്റ് ഭാഗങ്ങളിൽ എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ വോട്ടു തേടിയിറങ്ങും.

നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായതോടെ ചേലക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തഘട്ടത്തിലേക്ക് കടന്നു. നാല് സ്വതന്ത്രരും രണ്ട് ഡമ്മികളും അടക്കം ഒൻപത് സ്ഥാനാർഥികളാണ് ചേലക്കരയിൽ മത്സരിക്കാനുള്ളത്. ആകെ 16 സെറ്റ് നാമനിർദേശ പത്രികകളാണ് ലഭിച്ചത്. യുഡിഎഫ് മണ്ഡലം പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി. അതേസമയം സിപിഎമ്മിന്റെ പഞ്ചായത്ത് തല കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. ബിജെപിയുടെ കൺവെൻഷനുകളും സ്ഥാനാർഥി പര്യടനവും തുടരുകയാണ്. ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനായി പി.വി അൻവർ എംഎൽഎ മണ്ഡലത്തിൽ സജീവമാണ്.

അതേസമയം വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് യുഡിഎഫ് യുവജന സംഘടനാ പ്രവർത്തകർ പഞ്ചായത്ത് തലങ്ങളിൽ 'യൂത്ത് ഫോർ പ്രിയങ്ക' എന്ന പേരിൽ കാംപയിൻ സംഘടിപ്പിച്ചു. വയനാട്ടിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മുക്കത്ത് രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് സുൽത്താൻബത്തേരി മണ്ഡലം എൽഡിഎഫ് കൺവെൻഷന് ശേഷം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ വീട് സന്ദർശിക്കും. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പര്യടനം.

TAGS :

Next Story