Quantcast

നഷ്ടം; കേരളത്തിലെ പ്രവർത്തനം നിർത്താൻ ബൈജൂസ്

2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം

MediaOne Logo

Web Desk

  • Published:

    26 Oct 2022 7:34 AM GMT

നഷ്ടം; കേരളത്തിലെ പ്രവർത്തനം നിർത്താൻ ബൈജൂസ്
X

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്ലിക്കേഷൻ കമ്പനി ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി, തിരുവനന്തപുരം ടെക്‌നോ പാർക്കിലുള്ള കമ്പനിയുടെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ചു. നോട്ടീസ് നൽകാതെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു.

ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന 170ലേറെ ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ജീവനക്കാരെ നിർബന്ധിച്ച് രാജിവയ്പ്പിക്കാനുള്ള ശ്രമവും സജീവമാണ്. വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ടെക്‌നോപാർക്കിലെ ഐടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി വി ശിവൻകുട്ടിയെ കണ്ടു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ബൈജൂസിൽനിന്ന് വിശദീകരണം ചോദിച്ചതായാണ് വിവരം.

'കമ്പനിയിലെ രാജ്യത്തുടനീളമുള്ള 2500 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടതായാണ് കരുതപ്പെടുന്നത്. ആപ്പ് ഡവലപ്‌മെന്റിൽനിന്നു മാറി ഓഫ്‌ലൈൻ ട്യൂഷൻ പദ്ധതി കൊണ്ടുവരാൻ കമ്പനി നയപരമായ തീരുമാനമെടുത്തതായി അറിയുന്നു. അതിന്റെ ഭാഗമായി ടീച്ചേഴ്‌സിനെ റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവിടെ, നിരവധി ജോലിക്കാർ പരിഭ്രാന്തരാണ്. അവർക്ക് മറ്റൊരു ജോലി കണ്ടെത്താൻ ആവശ്യമായ സമയം ലഭിക്കുന്നില്ല' - ടെക്‌നോപാർക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. കമ്പനിയുടെ ലാഭസാധ്യതാ ഘടകം പരിഗണിച്ച് അഞ്ചു ശതമാനം തൊഴിൽ ശേഷി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബൈജൂസ് വക്താവ് പത്രത്തോട് പ്രതികരിച്ചു.

തിരുവനന്തപുരത്തെ പ്രവർത്തനം നിർത്തുകയാണ് എങ്കിലും മുഴുവൻ സംഘത്തെയും ബംഗളൂരുവിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വിഷയത്തിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് ഒരു മാസത്തിലേറെ സമയം നൽകിയിരുന്നു. തുടരാൻ താത്പര്യമില്ലെങ്കിൽ അവർക്ക് ഉദാരമായ എക്‌സിറ്റ് പദ്ധതി നൽകാൻ തയ്യാറാണ്- കമ്പനി വക്താവ് വ്യക്തമാക്കി.

കനത്ത നഷ്ടത്തിൽ കമ്പനി

2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഓഫ്‌ലൈൻ ട്യൂഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പതിനായിരം അധ്യാപകരെ റിക്രൂട്ട് ചെയ്യാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവിൽ 20,000 അധ്യാപകർ കമ്പനിക്കു കീഴിൽ ജോലി ചെയ്യുന്നുണ്ട്.

TAGS :

Next Story