Quantcast

'പ്രായത്തിൽ കാര്യമില്ല, കാനം തുടരണോയെന്ന് സമ്മേളനം തീരുമാനിക്കും'; പരസ്യവിമർശനവുമായി സി ദിവാകരൻ

പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്,സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ലെന്നും ദിവാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-09-27 08:38:14.0

Published:

27 Sep 2022 7:37 AM GMT

പ്രായത്തിൽ കാര്യമില്ല, കാനം തുടരണോയെന്ന് സമ്മേളനം തീരുമാനിക്കും; പരസ്യവിമർശനവുമായി സി ദിവാകരൻ
X

തിരുവനന്തപുരം: സിപിഐ 24-ാം പാര്‍ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പരസ്യ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സി ദിവാകരൻ.

സമ്മേളനത്തിൽ മുഖ്യചർച്ചയാകുന്ന പ്രായപരിധി നടപ്പാക്കൽ ചൂണ്ടിക്കാട്ടിയായിരുന്നു സി ദിവാകരന്റെ വിമർശനം. പ്രായപരിധി 75 ആക്കുമെന്ന നിർദ്ദേശം ഒരിക്കലും അംഗീകരിക്കില്ല. പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്,സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ലെന്നും ദിവാകരൻ പറഞ്ഞു. കഴിയാവുന്നത്ര സമയം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നവരെ നിലനിർത്തിക്കൊണ്ട് കൊണ്ട് വേണം മുന്നോട്ട് പോകാൻ. സമ്മേളനത്തിൽ ഇതേ നിലപാട് താൻ ഉയർത്തുമെന്നും ദിവാകരൻ പറഞ്ഞു.

സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഉയരുന്ന ചർച്ചകളെ ദിവാകരൻ സ്വാഗതം ചെയ്‌തു. ഇത് ശുഭ സൂചനയാണെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ദിവാകരന്റെ അഭിപ്രായം. സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാറ്റങ്ങളെ ഭയക്കേണ്ട കാര്യമില്ല. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുക തന്നെ വേണം. എന്നാൽ, അത് ഗൂഢലക്ഷ്യങ്ങളോടെയാകരുതെന്നും ദിവാകരൻ പറഞ്ഞു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തുടരണമോ എന്ന കാര്യം പാർട്ടി സമ്മേളനം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് സമ്മേളനം നടക്കുക. തിരുവനന്തപുരത്ത് ഒക്ടോബർ ഒന്നിന് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാലിന് ടാഗോര്‍ ഹാളില്‍ സെമിനാർ നടക്കും. ഇതിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും. ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിലാണ് ഇരുവരും പങ്കെടുക്കുക. സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 563 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

TAGS :

Next Story