Quantcast

ശോഭയെ പരിഗണിക്കാതെ സംസ്ഥാന നേതൃത്വം; പാലക്കാട് ബിജെപി സ്ഥാനാർഥിയാകാൻ സി. കൃഷ്ണകുമാർ

പാലക്കാട്‌ കിട്ടിയില്ലെങ്കിൽ വയനാട് നോക്കാനും ശോഭ സുരേന്ദ്രൻ നീക്കം നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    13 Oct 2024 3:54 AM GMT

bjp c krishnakumar
X

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തിൽ സി. കൃഷ്ണകുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കും. ശോഭാ സുരേന്ദ്രൻ വിഭാഗത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാത്തതിനാൽ ദേശീയ നേതൃത്വവും ഇത് പരിഗണിച്ചേക്കില്ല. പാലക്കാട്‌ കിട്ടിയില്ലെങ്കിൽ വയനാട് നോക്കാനും ശോഭ സുരേന്ദ്രൻ നീക്കം നടത്തുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തിൽ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. എന്നാൽ, ചർച്ചകൾ ചൂടുപിടിച്ചതോടെ ശോഭാ സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഏത് മണ്ഡലത്തിൽ നിർത്തിയാലും വോട്ടുനില മെച്ചപ്പെടുത്താൻ കഴിയുന്ന നേതാവാണ് ശോഭയെന്നാണ് ഇവർ ഉയർത്തുന്ന വാദം. സിപിഎമ്മിൽനിന്ന് ഈഴവ വോട്ടുകൾ കൂടി പെട്ടിയിൽ വീഴുമെന്നതടക്കമുള്ള വാദങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്.

എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള ഔദ്യോഗിക പക്ഷം ഈ ആവശ്യം പാടേ തള്ളുകയാണ്. മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിലും തുടർച്ചയായി മികച്ച പ്രകടനം നടത്തുകയും നില മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ തന്നെ മതിയെന്നാണ് ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ നിലപാട്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്യും.

പാലക്കാടിന്റെ രാഷ്ട്രീയ കളം അറിയാവുന്ന കൃഷ്ണകുമാറിന്റെ പേരിനപ്പുറം മറ്റൊരു പേര് പരിഗണിക്കുക കൂടി വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ സുരേന്ദ്രൻ ഇതിനോടകം കൃഷ്ണകുമാറിന് നിർദേശവും നൽകിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം തള്ളുന്നതോടെ ശോഭയുടെ പേര് കേന്ദ്ര നേതൃത്വവും പരിഗണിക്കാൻ സാധ്യതയില്ല. പാലക്കാട്‌ തള്ളുന്നതോടെ വയനാട് ആവശ്യപ്പെടാനുള്ള നീക്കം ശോഭ നടത്തുമെന്നാണ് സൂചന. പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട് മറ്റു നേതാക്കൾ ആവശ്യപ്പെട്ടേക്കില്ല. ശോഭയുടെ ഈ ആവശ്യത്തോട് ഔദ്യോഗിക പക്ഷം മുഖം തിരിക്കാനും സാധ്യത കുറവാണ്.

TAGS :

Next Story