'ഭരിക്കുന്നവർ വിചാരിച്ചാൽ ഭരണഘടനയും തള്ളിയിടാനാകും, രാജിയിലൂടെ പ്രതിഷേധം അറിയിച്ചു'; സി.രാധാകൃഷ്ണൻ
''രാഷ്ട്രീയ ഇടപെടൽ സാംസ്‌കാരിക സ്ഥാപനങ്ങളിൽ പാടില്ല''
മലപ്പുറം: രാഷ്ട്രീയ ഇടപെടൽ സാംസ്‌കാരിക സ്ഥാപനങ്ങളിൽ പാടില്ലെന്ന് എഴുത്തുകാരൻ സി.രാധാകൃഷ്ണൻ. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്.
'ഇത്തവണ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്.ഇത് അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമാണ്.ഭരിക്കുന്ന കക്ഷിയിലെ ആളുകളോ ഒരു രാഷ്ട്രീയക്കാരനോ അക്കാദമിയുടെ പരിപാടിയിൽ വരുന്ന പതിവില്ല. ഫെസ്റ്റിവലിന്‍റെ നോട്ടീസില്‍ ആദ്യം മന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. കക്ഷി എന്നതിലേറെ രാഷ്ട്രീയ ഇടപെടൽ എന്ന നിലക്കാണ് ഇതിനെ കാണുന്നത്. ഒരു കക്ഷിയോടും എനിക്ക് പ്രത്യേകിച്ച് വിരോധമോ പ്രത്യേക സ്‌നേഹമോ ഒന്നുമില്ല'.. അദ്ദേഹം പറഞ്ഞു.
'ഭരിക്കുന്നവർ വിചാരിച്ചാൽ ഭരണഘടനയും തള്ളിയിടാനാകും. രാഷ്ട്രീയം ജീവിതത്തിൽ ആവശ്യമാണ്. അത് ഇത്തരം സ്ഥാപനങ്ങളിൽ കടന്നുകൂടാൻ പാടില്ല . രാഷ്ട്രീയ ഇടപെടൽ സാംസ്‌കാരിക സ്ഥാപനങ്ങളിൽ പാടില്ല. ഇത് അപകടകരമാണ്'.രാജിയിലൂടെ പ്രതിഷേധം അറിയിച്ചതായും രാധാകൃഷ്ണൻ പറഞ്ഞു.
രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി.രാധാകൃഷ്ണൻ പറയുന്നു.
Adjust Story Font
16