സി.എ.എ വിരുദ്ധ സമരം: റിമാൻഡിലായ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് ജാമ്യം
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് റിമാൻഡിലായ എട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർക്ക് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വസീം പിണങ്ങോട്, കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡന്റ് ആദിൽ അലി, ജില്ലാ കമ്മിറ്റിയംഗം നാസിം പൈങ്ങോട്ടായി തുടങ്ങിയ പ്രവർത്തകർക്കാണ് ജാമ്യമനുവദിച്ചത്. ഇവർക്കു വേണ്ടി അഡ്വ. മുഫീദ് എം.കെ, അഡ്വ.അബ്ദുൽ വാഹിദ് എന്നിവർ ഹാജരായി.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രവർത്തകർക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജയിൽ കവാടത്തിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് ആയിഷ മന്ന സമര പോരാളികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഷാഹീൻ നരിക്കുനി ആമുഖഭാഷണം നടത്തി. സ്വീകരണത്തിന് ജില്ലാ സെക്രട്ടറിയേറ്റംഗം മുബഷിർ ചെറുവണ്ണൂർ, ഫസലുൽ ബാരി, ജില്ലാ കമ്മറ്റിയംഗം മുജാഹിദ് മേപ്പയ്യൂർ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16