Quantcast

കാലിക്കറ്റ് സർവകലാശാലയിലെ ദലിത് ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: ഓൾ ഇന്ത്യ ബാക്‍വേഡ് ക്ലാസ്സസ് ഫെഡറേഷൻ

സർവകലാശാലയിലെ പഠന വകുപ്പിന്റെ മേധാവി സ്ഥാനം ദലിത് അധ്യാപികയ്ക്ക് നിഷേധിച്ചെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    16 Feb 2023 4:26 AM GMT

dalit descrimination calicut university
X

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ദലിത് ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ ബാക്‍വേഡ് ക്ലാസ്സസ് ഫെഡറേഷൻ. സർവകലാശാലയിലെ പഠന വകുപ്പിന്റെ മേധാവി സ്ഥാനം ദലിത് അധ്യാപികയ്ക്ക് നിഷേധിച്ചെന്നാണ് പരാതി. റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. കെ ദിവ്യക്കാണ് അർഹമായ പദവി നിഷേധിച്ചത്.

പ്രൊഫസറും അസോസിയേറ്റ് പ്രൊഫസറും ഇല്ലാത്ത പഠന വകുപ്പുകളിൽ അവിടെയുള്ള മുതിർന്ന അസിസ്റ്റൻറ് പ്രൊഫസറെ മേധാവിയായി നിയമിക്കണം എന്നാണ് സർവകലാശാല ചട്ടം. ഈ ചട്ടം അനുസരിച്ച് നാനോ സയൻസ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വകുപ്പുകളുടെ മേധാവി സ്ഥാനം അസിസ്റ്റൻറ് പ്രൊഫസർമാർക്കാണ് നൽകിയിട്ടുള്ളത്. എന്നാൽ ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരു അസിസ്റ്റൻറ് പ്രൊഫസർ ഈ പദവിയിൽ എത്താതിരിക്കുന്നതിന് കാലിക്കറ്റ് സർവകലാശാല ചട്ടം ഭേദഗതി ചെയ്തെന്ന് സംഘടന ആരോപിച്ചു. ഇത് കടുത്ത ജാതി വിവേചനം മാത്രമല്ല, അയിത്താചരണം കൂടിയാണെന്ന് ഓൾ ഇന്ത്യ ബാക്‍വേഡ് ക്ലാസ്സസ് ഫെഡറേഷൻ ഭാരവാഹികള്‍ പ്രതികരിച്ചു.

കാലിക്കറ്റ് സർവകലാശാലയുടെ ദലിത് ദ്രോഹ നടപടികൾ ഇതിനുമുമ്പും പലവട്ടം ആവർത്തിച്ചിട്ടുണ്ട്. 63 അധ്യാപകരുടെ നിയമനം നടത്തിയപ്പോൾ പട്ടിക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ആറ് തസ്തിക അട്ടിമറിക്കുകയുണ്ടായി. എന്ത് ദ്രോഹ നടപടികൾ സ്വീകരിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന വിശ്വാസമാണ് സർവകലാശാല അധികൃതരെയും ഭരണാധികാരികളെയും ഇത്തരം നടപടികൾക്ക് പ്രാപ്തരാക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് അറുതി വരുത്തിയേ മതിയാവൂ. പട്ടികജാതി ദ്രോഹത്തിന് കൂട്ടുനിന്ന സിൻഡിക്കേറ്റിനെ പിരിച്ചുവിടാനും ബന്ധപ്പെട്ട സർവകലാശാല അധികാരികൾക്കെതിരെ പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ കേസെടുത്തു ശിക്ഷിക്കാൻ നടപടി ഉണ്ടാവുകയും വേണം. അതിനായി എല്ലാ പിന്നോക്ക വിഭാഗങ്ങളുടെയും ഒത്തൊരുമയോടുള്ള പ്രവർത്തനവും ശക്തമായ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പു മുൻ ഡയറക്ടർ വി.ആർ ജോഷി പറഞ്ഞു.

TAGS :

Next Story