വാടകയ്ക്കെടുത്ത ക്യാമറയുമായി യുവാവ് മുങ്ങി; പ്രതിയെ അതിസാഹസികമായി പിടികൂടി ഉടമ
തിരുവനന്തപുരം സ്വദേശി ബ്ലെസ്ലിയാണ് തന്‍റെ ക്യാമറയുമായി മുങ്ങിയ ആളെ പിന്തുടര്‍ന്ന് പിടികൂടിയത്
വാടകയ്ക്കെടുത്ത ക്യാമറയുമായി കടന്നു കളഞ്ഞ യുവാവിനെ അതിസാഹസികമായ പിടികൂടി ഉടമ. തിരുവനന്തപുരം സ്വദേശി ബ്ലെസ്ലിയാണ് തന്‍റെ ക്യാമറയുമായി മുങ്ങിയ ആളെ പിന്തുടര്‍ന്ന് പിടികൂടിയത്.
ലോണെടുത്താണ് ബ്ലെസ്ലി മൂന്നു ലക്ഷം രൂപ വില വരുന്ന ക്യാമറ വാങ്ങിയത്. ലോക്ഡൌണായതോടെ ജോലികള്‍ കുറഞ്ഞു. ലോണിന്‍റെ തവണ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനെ തുടര്‍ന്നാണ് ക്യാമറ വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. പരസ്യം ചെയ്യുകയും ചെയ്തു. പരസ്യം കണ്ട് ഈ മാസം ഒന്നാം തിയതി സ്റ്റുഡിയോയിലെത്തിയ ബിനു കൃഷ്ണന്‍ തന്റെ സഹോദരിയുടെ വിവാഹമാണെന്നും സാമ്പത്തികം ഇല്ലാത്തതിനാൽ വേറെ ഫോട്ടോഗ്രാഫറെ ഏർപ്പെടുത്താൻ കഴിയില്ലെന്നും അതിനാൽ ക്യാമറ വാടകയ്‌ക്കെടുത്ത് സ്വന്തമായി ഫോട്ടോ എടുക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു. ആധാർ, പാൻ കാർഡ് തുടങ്ങിയ രേഖകളും 1500 രൂപയും നല്‍കി. സംശയമൊന്നും തോന്നാത്തതിനാല്‍ ക്യാമറ നല്‍കുകയും ചെയ്തു. പിന്നീട് ക്യാമറയുമായി ബിനു കൃഷ്ണന്‍ കടന്നു കളയുകയായിരുന്നു.
ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്നും ചതി പറ്റിയെന്നും ബ്ലെസ്ലിക്ക് മനസിലായത്. തുടര്‍ന്ന് ബ്ലെസ്ലിയുടെ ഒരു സുഹൃത്ത് വഴി ബിനുവിനെ ഇടപാടിന് ക്ഷണിച്ചു. നേരിൽക്കാണാമെന്ന് പറഞ്ഞ ബിനുവിനെ വരുന്ന സമയത്ത് പിടികൂടാൻ വേഷംമാറിയാണ് സംഘം കാത്തിരുന്നത്. അൽപ്പസമയത്തിന് ശേഷം വന്ന ബിനുവിനെ ബ്ലെസ്ലിയും സുഹൃത്തുക്കളും ഇയാളെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും സംഘം പകര്‍ത്തിയിരുന്നു. നിരവധി പേര്‍ ബിനുവിന്‍റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16