രവീന്ദ്രൻ പട്ടയം റദ്ദാക്കുന്ന നടപടികൾക്ക് തുടക്കം; വില്ലേജ് അടിസ്ഥാനത്തിൽ ഹിയറിങ്
രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിലെ തുടർനടപടികൾ ഹൈക്കോടതി മാർച്ച് എട്ടുവരെ തടഞ്ഞിട്ടുണ്ട്. കഞ്ഞിക്കുഴി സ്വദേശി ശിവൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്
ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. വില്ലേജ് അടിസ്ഥാനത്തിൽ ഹിയറിങ് നടപടികൾ പൂർത്തിയാക്കി പട്ടയം റദ്ദ് ചെയ്തതിനുശേഷമാകും പുതിയ പട്ടയം നൽകുക. ആദ്യ ഹിയറിങ് മാർച്ച് അഞ്ചിന് ദേവികുളത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടക്കും.
ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലായി ഡെപ്യൂട്ടി തഹസിൽദാറായിരുന്ന എം.ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ ജനുവരി 18നാണ് സർക്കാർ ഉത്തരവിട്ടത്. തുടർനടപടികൾക്കായി നാൽപ്പതിലധികം ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. ആദ്യഘട്ടത്തിൽ പട്ടയം ലഭിച്ചവർക്കും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും നോട്ടീസ് നൽകും. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ എന്നീ മൂന്ന് വില്ലേജുകളിലായി 91 പേർക്കാണ് ആദ്യം നോട്ടീസ് നൽകുക. മതിയായ രേഖകളുമായി ഭൂവുടമകൾ ദേവികുളം ആർ.ഡി.ഒ ഓഫീസിലാണ് ഹാജരാകേണ്ടത്. ഇതിനുശേഷം മറ്റ് വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകും.
ഒൻപത് വില്ലേജുകളിലും ഇപ്പോൾ ഭൂമി കൈവശം വച്ചവരുടെ വിവരം റവന്യൂ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ നൽകിയ ഹരജിയിൽ മാർച്ച് എട്ടുവരെ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏകപക്ഷീയമായി പട്ടയം റദ്ദാക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഹരജി. 45 ദിവസത്തിനകം പുതിയ പട്ടയം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക വിവരശേഖരണം മാത്രമാണ് പൂർത്തിയാക്കാനായത്.
Summary: Cancellation process of Raveendran pattayam began
Adjust Story Font
16