രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുടുംബസമേതമെത്തിയാണ് വോട്ട്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി തുടങ്ങി. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും നേരത്തെ വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. നോര്‍ത്ത് പറവൂരിലെ പോളിങ് ബൂത്തിലെത്തിയാണ് സതീശന്‍ വോട്ട് രേഖപ്പെടുത്തിയത്. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം സെൻ്റർ അംഗനവാടിയിലെ 53-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്‍റ്. ജോര്‍ജ് കോണ്‍വെന്‍റ് എല്‍.പി സ്കൂളിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍ കാന്തപുരം ജി എം എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും രാവിലെ തന്നെ വോട്ട് ചെയ്തു.
മണിപ്പാറ സെൻ്റ് മേരീസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മാർത്തോമാ സഭ അധ്യക്ഷൻ ഡോക്ടർ തിയാഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത തിരുവല്ല എസ്.സി.എസ് സ്കൂളിലെ 112 നമ്പർ ബൂത്തിൽ ഇന്ന് രാവിലെ ഏഴേ കാലോടെ വോട്ട് രേഖപ്പെടുത്തി.
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറില്‍ തന്നെ വോട്ട് ചെയ്തു. പിതാവ് ജോർജ് ഈഡന്റെ കല്ലറയിൽ എത്തി അനുഗ്രഹം വാങ്ങിയതിന് ശേഷം തൃക്കാക്കര നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 20,മാമംഗലത്തെ എസ് എൻ ഡി പി നഴ്സറി സ്കൂളില്‍ ഭാര്യ അന്നയുമൊത്ത് വോട്ട് രേഖപ്പെടുത്തിയത്.
എറണാകുളം ജില്ലാ കലക്ടർ എൻ.എസ് കെ ഉമേഷ് ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളത്ത് പോളിങ് നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. തകരാർ കണ്ടെത്തിയ ഇടങ്ങളിൽ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നുണ്ട് . ചാലക്കുടിയിൽ പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെങ്കിലും നിലവിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Congress candidate from Kerala's Alappuzha constituency, KC Venugopal says, "I am confident that the people of Alleppey will stand with me. After phase one of the Lok Sabha elections, the PM is panicking. I thank the PM for bringing the Congress manifesto into the public… pic.twitter.com/x3dO0mISUf
— ANI (@ANI) April 26, 2024
വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ വോട്ട് രേഖപ്പെടുത്തി . പഴശി വെസ്റ്റ് യുപി സ്‌കൂളിൽ ഭർത്താവ് കെ. ഭാസ്കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത് .വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ശൈലജ പറഞ്ഞു. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ ഷൈൻ വടക്കൻ പറവൂർ വെടിമറ കുമാരവിലാസം ഗവ യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി . മകൾ ആമി ഷൈന്‍റേത് കന്നിവോട്ടായിരുന്നു.
Adjust Story Font
16