വില കുത്തനെ ഇടിഞ്ഞു; പ്രതിസന്ധിയിലായി ഏലം കർഷകർ
ഉൽപാദനം കൂടിയെങ്കിലും ശരാശരി 5000 രൂപയുണ്ടായിരുന്ന ഏലത്തിന്റെ വില 700 ലേക്ക് കൂപ്പുകുത്തി
ഇടുക്കി: ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കിയിലെ ഏലം കർഷകർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ വർധനവുണ്ടെങ്കിലും വിലസ്ഥിരതയില്ലാത്തതും ഉൽപ്പാദനച്ചിലവ് വർധിച്ചതും കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
കഴിഞ്ഞവർഷം കേരളത്തിൽ 39143 ഹെക്ടർ സ്ഥലത്തായി 20570 ടൺ ഏലം ഉൽപ്പാദിപ്പിച്ചെന്നാണ് സ്‌പൈസസ് ബോർഡിന്റെ കണക്ക്. ഉൽപാദനം കൂടിയെങ്കിലും ശരാശരി 5000 രൂപയുണ്ടായിരുന്ന ഏലത്തിന്റെ വില 700 ലേക്ക് കൂപ്പുകുത്തി.
സ്‌പൈസസ് ബോർഡിന്റെ കണക്ക് പ്രകാരം ഏലം നടുന്നതിനും പരിപാലിക്കുന്നതിനുമായി 616046 രൂപയും 835 തൊഴിലാളികളുടെ സേവനവും വേണ്ടി വരും. എന്നാൽ ഇതിനുമപ്പുറമാണ് ഇന്നത്തെ ഉൽപാദനച്ചെലവെന്ന് കർഷകർ പറയുന്നു.
ഒരു ചെടിയിൽ നിന്ന് ഒരു കിലോ കായയും ആറ്കിലോ പച്ചക്കായയിൽ നിന്ന് ഒരു കിലോ ഉണക്കക്കായയും ലഭിക്കുമെന്നാണ് കണക്ക്. പ്രതിവർഷം ഏഴ് തവണ വരെ വിളവെടുക്കാം. പ്രതികൂല കാലാവസ്ഥയും കീടബാധയും വന്യമൃഗശല്യവും അതിജീവിച്ച് കൃഷിയിറക്കിയാലും കിലോയ്ക്ക് 1500 രൂപയെങ്കിലും കിട്ടിയാലെ കർഷകർക്ക് പിടിച്ചു നിൽക്കാനാകൂ.
Adjust Story Font
16