'കേരളത്തിലെ സവിശേഷ സാഹചര്യം മനസ്സിലാക്കാതെയുള്ള ബുദ്ധിശൂന്യമായ പ്രവൃത്തി': ക്രിസ്മസ് ആഘോഷം വിഎച്ച്പി തടസ്സപ്പെടുത്തിയതിൽ കാസ
''അനാവശ്യ ഭീതി പടർത്തുന്നതിന് തങ്ങളുടെ ഒരു പ്രവർത്തകരും മുതിരില്ലെന്ന് ഉറപ്പ് വരുത്താൻ ബിജെപി-ആർഎസ്എസ് നേതൃത്വം തയ്യാറാകണം''
പാലക്കാട്: നല്ലേപ്പിള്ളി ഗവ യു.പി സ്കൂളിൽ വിഎച്ച്പി നേതാക്കൾ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ.
വിശ്വഹിന്ദു പ്രവർത്തകരുടെ നടപടി തികച്ചും അനാവശ്യവും ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ പ്രവർത്തകർക്ക് ചേരാത്തതും കേരളത്തിലെ സവിശേഷ സാഹചര്യം മനസ്സിലാക്കാതെയുള്ള ബുദ്ധിശൂന്യമായ പ്രവൃത്തിയുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ 'കാസ' വ്യക്തമാക്കുന്നു.
'സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുകയോ മറ്റു പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടില്ല. സംഭവം വർഗീയ ചേരിതിരിവിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ചിലർ ഉപയോഗിക്കുന്നത് തികച്ചും അപഹാസ്യവും അപലപനീയമാണ്'- കാസ പറയുന്നു
'ഗവൺമെൻ്റ് സ്കൂൾ ആയതുകൊണ്ട് തന്നെ, ഒരു മതത്തിൻ്റെ മാത്രമായ ആഘോഷങ്ങൾ നടത്തുന്നതിൽ തെറ്റുണ്ടെങ്കിൽ സ്കൂൾ അധികൃതരുടെ നടപടികൾക്ക് എതിരെ ഡിഇഒയ്ക്കോ വിദ്യാഭ്യാസ മന്ത്രിക്കോ പരാതി നൽകുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.
മറിച്ച് ആ മൂന്നു വ്യക്തികളുടെ പ്രവൃത്തി ഹൈന്ദവ സംഘടനാ നേതൃത്വത്തിന്റെ അറിവോടുകൂടി അല്ലെങ്കിൽ തന്നെയും ഏതൊരു വിഷയവും വർഗീയവൽക്കരിച്ച് പെരിപ്പിച്ചു കാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി ശ്രമിക്കുന്നവരുടെ കയ്യിൽ അടിക്കുവാൻ വടി വെട്ടി കൊടുത്തതിന് തുല്യമായിരുന്നു'- കാസ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
'ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ടു തന്നെ രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിൽ രൂപപ്പെടുന്ന ക്രിസ്ത്യൻ - ഹൈന്ദവ ഐക്യം തകർക്കുകയെന്നത് ആരുടെ ആവശ്യമാണോ അവർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ മനസ്സിൽ അനാവശ്യ ഭീതി പടർത്താനുള്ള അവസരത്തിനും തങ്ങളുടെ ഒരു പ്രസ്ഥാനവും അതിൻ്റെ ഒരു പ്രവർത്തകരും മുതിരില്ല എന്നുറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ ബിജെപി / ആര്‍എസ്എസ് നേതൃത്വം തയ്യാറാകണം'- ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
Adjust Story Font
16