വ്യാജരേഖ ചമച്ച് വോട്ടർ പട്ടികയിൽ ഇടം നേടി; സി.പി.എം പഞ്ചായത്ത് മെമ്പർക്കെതിരെ കേസ്
കൊല്ലം ചിതറ പഞ്ചായത്തിലെ മാങ്കോട് വാർഡ് മെമ്പർ അമ്മുട്ടി മോഹനന് എതിരെയാണ് പൊലീസ് കേസ് എടുത്തത്
വ്യാജരേഖ ചമച്ച് വോട്ടർ പട്ടികയിൽ ഇടം നേടിയ പഞ്ചായത്ത് മെമ്പർക്ക് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. കൊല്ലം ചിതറ പഞ്ചായത്തിലെ മാങ്കോട് വാർഡ് മെമ്പർ അമ്മുട്ടി മോഹനന് എതിരെയാണ് പൊലീസ് കേസ് എടുത്തത്.
വ്യാജ രേഖ ചമച്ച് വോട്ടർ പട്ടികയിൽ തന്‍റെയും കുടുംബത്തിന്‍റെയും പേര് ചേർക്കുകയും അത് വഴി വോട്ട് രേഖപ്പെടുത്തി എന്നുമാണ് സി.പി.എം പഞ്ചായത്ത് അംഗം അമ്മുട്ടി മോഹനന് എതിരായ പരാതി. മാങ്കോട് വാർഡിലെ എതിർ സ്ഥാനാർത്ഥിയും ബി.ജെ.പി നേതാവുമായ മനോജ് കുമാറാണ് പരാതിക്കാരൻ. വ്യാജ രേഖ ചമച്ചതിനെതിരെ തെളിവ് സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനിലും ചിതറ പൊലീസിലും പരാതി നൽകിയിരുന്നു.
എന്നാൽ നടപടി ഉണ്ടാകാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരമാണ് അമ്മുട്ടി മോഹനനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഇയാളുടെയും കുടുംബത്തിന്‍റെയും പേരുകൾ വോട്ടർ പട്ടികയിൽ ചേർത്തതിന് യാതൊരു രേഖയും പഞ്ചായത്ത് ഓഫീസിൽ ഇല്ലെന്ന് വിവരാവകാശ രേഖകൾ പറയുന്നു. കേസിൽ ചിതറ പഞ്ചായത്ത് സെക്രട്ടറി സുനിൽ രണ്ടാം പ്രതിയും യുഡി ക്ലാർക്ക് ബിനു മൂന്നാം പ്രതിയുമാണ്.
Adjust Story Font
16