എൻ.എസ്.എസിന്‍റെ നാമജപ യാത്രയ്ക്കെതിരെ കേസെടുത്തു
അനധികൃതമായി സംഘംചേരൽ, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻ.എസ്.എസ് നടത്തിയ നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി സംഘംചേരൽ, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. എൻ.എസ്.എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് കേസിൽ ഒന്നാം പ്രതി. നാമജപ യാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസിന്‍റെ നേതൃത്വത്തില്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള കരയോഗങ്ങളില്‍ നിന്നുള്ളവരാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രാദേശിക നേതാക്കള്‍ പങ്കെടുത്തു. ഹൈന്ദവ ജനതയോട് ഷംസീർ മാപ്പ് പറയണമെന്നും വിശ്വാസ സംരക്ഷണത്തിന് എല്ലാവർക്കുമൊപ്പം പ്രവർത്തിക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
നാമജപ യാത്രയ്ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്ന് എൻ.എസ്.എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ പറഞ്ഞു. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കരുതെന്ന് മാത്രമാണ് സമുദായ സംഘടനകളോട് പറയാനുള്ളതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതികരിച്ചു. അതേസമയം എ.എൻ ഷംസീർ പ്രസ്താവന പിൻവലിച്ചിരുന്നുവെങ്കിൽ ഈ വിവാദം ഇന്നലെ തന്നെ അവസാനിച്ചേനെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എരിതീയിൽ എണ്ണ ഒഴിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16