മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി: സ്ത്രീത്വത്തെ അപമാനിച്ചതിന് പി.സി ജോർജിനെതിരെ കേസ്
തൈക്കാട് ഗസ്റ്റ്ഹൗസിനു മുന്നിലെ ജോർജിന്റെ മോശം പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരം: കൈരളി ടി.വി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് അപമര്യാദയായി പെരുമാറിയതിന് ജനപക്ഷം നേതാവ് പി.സി ജോർജിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തൈക്കാട് ഗസ്റ്റ്ഹൗസിനു മുന്നിലെ ജോർജിന്റെ മോശം പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയ പിസി ജോർജിനെ അറസ്റ്റ് ചെയ്യുന്നതായി അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് സാമാന്യമര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം പിസി ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കവെ അറസ്റ്റിന് അടിസ്ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പി.സി ജോർജ് ആവർത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാധ്യമപ്രവർത്തകയോട് അപമര്യാദയായി ജോർജ് പെരുമാറിയത്. പി സി ജോർജിനെപ്പോലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനിൽനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണിതെന്ന് കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.
Adjust Story Font
16