'പാർട്ടി നേതാക്കൾക്കെതിരെ അപവാദ പ്രചാരണം നടത്തുന്നു'; സിപിഎം നേതാവിന്റെ പരാതിയിൽ സ്വപ്‌നയ്ക്കും വിജേഷിനുമെതിരെ കേസ്
സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുകയാണെന്നും പരാതിക്കാരൻ
സ്വപ്ന സുരേഷ്, വിജേഷ് പിള്ള
കണ്ണൂർ: സിപിഎം നേതാവിന്റെ പരാതിയിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാപശ്രമം, ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷാണ് പൊലീസിൽ പരാതി നൽകിയത്.
പാർട്ടി നേതാക്കൾക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിക്കാരൻ ആരോപിച്ചു.
അതേസമയം സ്വപ്‌ന സുരേഷിനെതിരായ പരാതിയിൽ ക്രൈംബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴിയെടുത്തു. കണ്ണൂരിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. സ്വപ്‌ന നൽകിയ പരാതിയിൽ വിജേഷ് പിള്ള കർണാടക പൊലീസിന് മുന്നിലും ഹാജരായിരുന്നു.
Adjust Story Font
16