കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ പോർവിളി: യുവാക്കൾക്കെതിരെ കേസെടുത്തു
പ്രതികളെ തിരിച്ചറിയാത്തതിനാൽ അജ്ഞാതർ എന്ന രീതിയിലാണ് പ്രതിയാക്കിയത്
തിരുവനന്തപുരം: കേശവദാസപുരത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ പോർവിളി നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്തു. പേരൂർക്കട പൊലീസാണ് നാല് യുവാക്കളെ പ്രതിചേർത്ത് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാത്തതിനാൽ അജ്ഞാതർ എന്ന രീതിയിലാണ് പ്രതിയാക്കിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾ ഒളിവിലെന്നാണ് പൊലീസ് അറിയിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തണമെന്ന് കെ.എസ്.ആർ.ടി.സി ജോയിന്റ് എംഡി പ്രമോജ് ശങ്കർ നിർദേശം നൽകിയിരുന്നു. മീഡിയവൺ വാർത്തക്ക് പിന്നാലെയായിരുന്നു നടപടി. കേശവദാസപുരത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബസിന് കുറുകെ കാറോടിച്ച് തടസം സൃഷ്ടിച്ചു. ബസിനുള്ളിൽ കയറിയും യുവാക്കൾ പ്രശ്‌നം സൃഷ്ടിച്ചു. മല്ലപ്പള്ളിയിൽ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലാണ് യുവാക്കളുടെ അതിക്രമം. KL-01-S-3510 ടൊയോട്ടാ ക്വാളിസ് കാറിൽ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡൻ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്.
ബസിലെ യാത്രക്കാർ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേൾക്കാം. അഭ്യാസം തുടർന്നതോടെ ബസ് നിർത്തി. യുവാക്കളും ഈ സമയം കാറിൽ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോർവിളി തുടങ്ങി. ബസിനകത്തേക്ക് കടന്ന് കയ്യാങ്കളിക്കും ശ്രമിച്ചു. ബസിലെ ഒരു യാത്രക്കാരനുമായി നേരത്തെ തർക്കമുണ്ടാകുകയും ഇയാളെ തെരഞ്ഞാണ് യുവാക്കളുടെ സംഘമെത്തിയതെന്നുമാണ് കെ.എസ്.ആ.ർടി.സി ജീവനക്കാരിൽ നിന്ന് അറിഞ്ഞ വിവരം. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മടങ്ങി. യാത്രാ തടസ്സമുണ്ടാക്കിയതിനും ഡ്രൈവറെ മർദിക്കാൻ ശ്രമിച്ചതിനും പൊലീസിന് പരാതി നൽകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
A case has been registered against the youth who shouted in front of the KSRTC bus in Kesavadasapuram, Thiruvananthapuram.
Adjust Story Font
16