കൊയിലാണ്ടിയിൽ വിദ്യാർഥിയെ മർദിച്ച സംഭവം: ഇരുപതിലധികം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
കോളേജ് യൂണിയൻ ചെയർമാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രതികൾ
കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ഇരുപതിലധികം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. ആർ ശങ്കർ എസ്എൻഡിപി കോളേജ് രണ്ടാം വർഷ വിദ്യാർഥി അമലിന് മർദനമേറ്റ കേസിലാണ് കേസെടുത്തത്. കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കേസിൽ പ്രതികളാണ്.
റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 25 ഓളം എസ്എഫ്‌ഐക്കാർ ചേർന്ന് മർദിച്ചുവെന്നാണ് അമൽ പരാതിപ്പെട്ടത്. അമൽ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമാണ് മർദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മർദനമുണ്ടായത്. ആദ്യം കോളജിനുള്ളിൽ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മർദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്.ഐ പ്രവർത്തകർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ ഡോക്ടർമാരോട് പറഞ്ഞതെന്നും പരാതിയിലുണ്ട്. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മർദനമേറ്റതിനെക്കുറിച്ച് പറയുന്നത്. എന്നാൽ ഇന്നലെയാണ് മർദനത്തെക്കുറിച്ച് പരാതി ലഭിച്ചതെന്നും അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ അറിയിച്ചു.
Adjust Story Font
16