യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതിൽ കേസ്
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമച്ചതിനാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതി പ്രകാരം കേസെടുത്തത്. ഐ.പി.സി 465, 471 വകുപ്പുകൾ പ്രകാരമാണ് കേസ്. ഐ.ടി നിയമപ്രകാരമുള്ള വകുപ്പുകളും ചേർക്കും. കേസിൽ ആരെയും പ്രത്യേകമായി പ്രതി ചേർക്കില്ല. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാനുള്ള ആപ്പ് നിർമിച്ചയാളായിരിക്കും പ്രതി. ഇത് അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂവെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് അഞ്ചുദിവസത്തിനുള്ളിൽ പൊലീസ് മേധാവിക്ക് കൈമാറും.
വ്യാജ വോട്ടേഴ്‌സ് ഐഡി നിർമിച്ചുവെന്ന പരാതി പരിശോധിക്കണമെന്നാശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. യൂത്ത് കോൺഗ്രസിനോട് കമ്മീഷൻ വിശദീകരണവും തേടിയിട്ടുണ്ട്. സിപിഎമ്മും ബിജെപിയും വിഷയത്തെ ആയുധമാക്കിയതോടെ കോൺഗ്രസ് രാഷ്ട്രീയമായും വെട്ടിലാണ്. എന്നാൽ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു യൂത്ത് കോൺഗ്രസ് നിലപാട്.
സുതാര്യമായ തെരഞ്ഞെടുപ്പ് എന്നായിരുന്നു അവകാശ വാദം. എന്നാൽ ഫലം വന്നതോടെ സംഘടയ്ക്കുള്ളിൽ നിന്ന് വ്യാജ തിരിച്ചറിയിൽ കാർഡ് നിർമാണം സംബന്ധിച്ച് പരാതി ഉയർന്നു. സിപിഎമ്മും ബിജെപിയും ഇത് ഏറ്റുപിടിച്ചതോടെ വിവാദം ആളിക്കത്തി.
ഡിവൈഎഫ്‌ഐയും ബിജെപിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇതിനെല്ലാം പിന്നിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ദൻ സുനിൽ കനഗ്‌ലുവാണെന്ന് സിപിഎം ആരോപണം ഉയർത്തി. എന്നാൽ വിവാദത്തിൽ നിന്ന് വഴി മാറി നടക്കാനായിരുന്നു കോൺഗ്രസിൻറെ ശ്രമം. ഏത് അന്വേഷണവും നേരിടുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് നിയുക്ത പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തലിന്റെ വാക്കുകൾ. ആഘോഷ പൂർവ്വം നടത്തിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രതിരോധനത്തിലേക്ക് നീങ്ങിയത് കോൺഗ്രസിന് വലിയ തലവേദനയായി കഴിഞ്ഞു.
Case for using fake identity card in Youth Congress organizational election
Adjust Story Font
16