സിപിഎം പ്രവർത്തകൻ അഷ്‌റഫിനെ വെട്ടിക്കൊന്ന കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
2011 മെയ് 19 ന് ആണ് എരുവട്ടി സ്വദേശി സി അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്
കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ അഷ്‌റഫ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആർഎസ്എസ് പ്രവർത്തകരായ എരുവട്ടി സ്വദേശികളായ പ്രനു ബാബു,വി ഷിജിൽ, മാവിലായി സ്വദേശി ആർ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തലശ്ശേരി സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2011 മെയ് 19 ന് ആണ് എരുവട്ടി സ്വദേശി സി അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം കാരണം അഷ്‌റഫിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയായിരുന്നു കൂത്തുപറമ്പ് പൊലീസ് കുറ്റപത്രം നൽകിയത്.
കേസിൽ ഒന്നു മുതൽ നാല് വരെ പ്രതികളാണ് ശിക്ഷിക്കപ്പെട്ട പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവർ. അഞ്ചും ആറും പ്രതികളായ എം.ആർ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെവിട്ടിരുന്നു. ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ വിചാരണയ്ക്ക് മുൻപ് മരിക്കുകയും ചെയ്തു.
Adjust Story Font
16