ഷെയർചാറ്റ് വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ
പീഡിപ്പിച്ചതിനു ശേഷം പെൺകുട്ടിയുടെ പക്കൽ ഉണ്ടായിരുന്ന നാലു പവൻ സ്വർണാഭരണങ്ങളും പ്രതികൾ കൈക്കലാക്കി
തിരുവനന്തപുരം: സമൂഹ മാധ്യമമായ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി. പാലക്കാട് പരുതൂർ സ്വദേശി സഞ്ചു എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (20), മലപ്പുറം വളാഞ്ചേരി സ്വദേശി മഹേഷ് (37) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുൽ (20) പോക്സോ കേസിൽ റിമാൻഡിലാണ്.
സംസ്ഥാനത്ത് ആദ്യമായാണ് ഷെയർ ചാറ്റ് വഴി ഒരു കുറ്റകൃത്യം നടക്കുന്നത്. സമൂഹത്തിലെ മാതാപിതാക്കൾ സ്ഥലത്തില്ലാത്ത പെൺകുട്ടികളെ കണ്ടെത്തി അവരുമായി പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി.
മലപ്പുറം സ്വദേശിയായ 20കാരൻ ഷെയർ ചാറ്റ് ഉപയോഗിച്ച് പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ 17കാരിയെ ഒരു മാസം മുമ്പ് കാറിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയിലെ അസ്വാഭാവികതകൾ തിരിച്ചറിഞ്ഞ ബമ്പുക്കൾ വിവരം ചോദിച്ചറിഞ്ഞ് കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിന്റെ സിസി ടി വി ദൃശ്യങ്ങൾ കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയിൽ ജോലി ചെയ്ത് വരവെയാണ് കഴക്കൂട്ടം പോലീസ് ഒന്നാം പ്രതിയായ ഗോകുലിനെ അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചതിനു ശേഷം പെൺകുട്ടിയുടെ പക്കൽ ഉണ്ടായിരുന്ന നാലു പവൻ സ്വർണാഭരണങ്ങൾ ഇയാൾ കൈക്കലാക്കി. രണ്ടാം പ്രതിയായ ഉണ്ണിക്കൃഷ്ണനുമൊത്താണ് ഗോകുൽ പെൺകുട്ടിയെ കാണാനെത്തിയത്.
പെൺകുട്ടിയിൽ നിന്നും കൈക്കലാക്കിയ സ്വർണ്ണം വിറ്റ് കാശാക്കി നൽകിയതിനാണ് മഹേഷിനെയും പിടികൂടിയത്.നേരത്തെ പാലക്കാട് കൃഷ്ണപുരത്ത് പതിനാറ്കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും ഗോകുൽ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. ഇയാളുടെ ജാമ്യം റദ്ദാക്കാൻ കൃഷ്ണപുരം പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്
Adjust Story Font
16