Quantcast

ഡ്രൈവിങ് അറിയാതിരുന്നിട്ടും കാർ ഓടിച്ച് മോഷ്ടിച്ചെന്ന് കേസ്; ദീപുവിന് ജാമ്യം

പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായും കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലിയതായും ജാമ്യം ലഭിച്ച ദീപു

MediaOne Logo

Web Desk

  • Updated:

    27 Nov 2021 4:13 AM

Published:

27 Nov 2021 3:28 AM

ഡ്രൈവിങ് അറിയാതിരുന്നിട്ടും കാർ ഓടിച്ച് മോഷ്ടിച്ചെന്ന് കേസ്; ദീപുവിന് ജാമ്യം
X

ഡ്രൈവിങ് അറിയാതിരുന്നിട്ടും കാർ ഓടിച്ചുകൊണ്ടുപോയി മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റു ചെയ്ത ആദിവാസി യുവാവ് ദീപുവിന് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായും കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലിയതായും ജാമ്യം ലഭിച്ച ദീപു പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ദീപു പറഞ്ഞു. വാഹനമോടിക്കാനറിയില്ലെന്നും ഇന്നുവരെ കാറിൽ കയറിയിട്ടില്ലെന്നും വാഹനത്തിൽ ചാരിനിന്നതിന് ഉടമയുമായി വാക്കുതർക്കമുണ്ടായെന്നും ബാക്കിയെല്ലാം കള്ളക്കഥയാണെന്നും ദീപു വ്യക്തമാക്കി.

ഡ്രൈവിങ് അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. യുവാവിനെതിരെയുള്ളത് കള്ളക്കേസാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നേരത്തെ പറഞ്ഞിരുന്നു. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചിട്ടുണ്ട്. നവംബർ അഞ്ചിനാണ് ബത്തേരി പൊലീസ് 22 കാരനെ അറസ്റ്റു ചെയ്തത്. ദീപുവിന്റെ കേസ് പുറംലോകമറിഞ്ഞത് മീഡിയവണിലൂടെയായിരുന്നു.

അതേസമയം, ദീപുവിനെതിരായ അതിക്രമം ആദിവാസികളോടുള്ള ചില ഉദ്യാഗസ്ഥരുടെ മനോഭാവത്തിന്റെ പ്രതിഫലനമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് അമ്മിണി കെ വയനാട് പറഞ്ഞു. അതിക്രമത്തിൽ പങ്കാളികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം. കുറ്റവാളികളായ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ പ്രക്ഷോഭ പാതയിൽ തുടരുമെന്നും അമ്മിണി കെ വയനാട് പ്രതികരിച്ചു

TAGS :

Next Story