കേസ് കെട്ടിച്ചമച്ചത്, പിണറായിക്കു പിന്നിൽ ഫാരിസ് അബൂബക്കർ: പി.സി ജോർജ്
'വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണം'
തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് പിണറായി വിജയൻ മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് മുൻ എംഎൽഎ പി.സി ജോർജ്. പിണറായിക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയാ തലവൻ ഫാരിസ് അബൂബക്കറാണ്. ഫാരിസ് അബൂബക്കർ അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഇടക്കിടക്കുള്ള അമേരിക്കൻ യാത്രകൾ പരിശോധിക്കണമെന്ന് പിസി ജോർജ് പറഞ്ഞു.
ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനങ്ങളും ബന്ധങ്ങളും അന്വേഷിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
'അഴിമതി കണ്ടാൽ മിണ്ടാതിരിക്കാൻ പറ്റില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും ഞാൻ യാചിച്ചിട്ടില്ല. ആ എന്നോട് പിണറായിയും കുടുംബവും ഇങ്ങനെ ചെയ്യരുത്. ഇതെല്ലാം വെളിച്ചത്ത് കൊണ്ടു വരാനുള്ള യുദ്ധമാണിത്. സ്വർണക്കടത്ത് കേസിൽ നൂറ് ശതമാനം പിണറായിക്ക് പങ്കുണ്ട്. ഇതിൽ നിന്ന് പിന്നോട്ട് പോകില്ല'- പിസി ജോർജ് കൂട്ടിച്ചേർത്തു.
സോളാർ കേസിലെ പരാതിക്കാരിയുടെ പീഡനശ്രമ പരാതിയിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് ജോർജ് നേരത്തെ പറഞ്ഞിരുന്നു. കേസന്വേഷണത്തോട് നൂറ് ശതമാനം സഹകരിക്കുമെന്ന് പിസി ജോർജ് പറഞ്ഞു.
Adjust Story Font
16