Quantcast

ദലിത് ഗവേഷകയുടെ നിരാഹാരം: എം.ജി നാനോ സയൻസ് മേധാവി നന്ദകുമാറിനെ ചുമതലയിൽനിന്ന് നീക്കി

നന്ദകുമാറിനെ നീക്കിയെന്ന ഉത്തരവ് ആളുകളെ പറ്റിക്കുന്നതാണെന്ന് ദീപ പി മോഹന്‍ പ്രതികരിച്ചു. നാനോ സയൻസ് വിഭാഗത്തിന്റെ മേധാവിയായി വി.സിയല്ലാത്ത മറ്റൊരാള്‍ വരണം. അതുവരെയും സമരം തുടരുമെന്നും ദീപ

MediaOne Logo

Web Desk

  • Updated:

    2021-11-06 12:35:12.0

Published:

6 Nov 2021 12:28 PM GMT

ദലിത് ഗവേഷകയുടെ നിരാഹാരം: എം.ജി നാനോ സയൻസ് മേധാവി നന്ദകുമാറിനെ ചുമതലയിൽനിന്ന് നീക്കി
X

ദലിത് ഗവേഷക ദീപ പി മോഹന്റെ നിരാഹാര സമരം ഒൻപതാം ദിവസം കടന്നതിനു പിറകെ ആരോപിതനായ അധ്യാപകനെതിരെ നടപടിയുമായി എം.ജി സർവകലാശാല. നാനോ സയൻസ് മേധാവി നന്ദകുമാറിനെ ചുമതലയിൽനിന്ന് നീക്കി. കേന്ദ്രത്തിന്റെ ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, നന്ദകുമാറിനെ നീക്കിയെന്ന ഉത്തരവ് ആളുകളെ പറ്റിക്കുന്നതാണെന്ന് ദീപ പ്രതികരിച്ചു. ഡയരക്ടർഷിപ്പ് വിസിയിലേക്ക് മാറ്റിയെന്നാണ് ഉത്തരവിൽ പറയുന്നത്. നാനോ സയൻസ് വിഭാഗത്തിൽനിന്ന് ഇയാളെ പൂർണമായി മാറ്റിയിട്ടില്ല. തന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ദീപ പറഞ്ഞു.

കേന്ദ്രത്തിന്റെ മേധാവിയായി വി.സിയല്ലാത്ത പുതിയയാൾ വരണം. അതുവരെയും സമരം തുടരും. തന്റെ 10 വർഷം നശിപ്പിച്ച ആളുകളോട് ക്ഷമിക്കാനാവില്ല. തന്നെ അപമാനിച്ചതിൽ വിസി സാബു തോമസിനും പങ്കുണ്ടെന്നും സർക്കാർ തന്നെ കേൾക്കാൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലിന് ഗവേഷകയുമായി ഒരു ചർച്ച നടന്നിരുന്നു. പുതിയ ഫെലോഷിപ്പ് അടക്കം ചർച്ചയിൽ ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകാമെന്ന ഉറപ്പ് സർവകലാശാലാ അധികൃതർ ദീപയ്ക്ക് നൽകിയിരുന്നു. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ സ്ഥാനത്തുനിന്നു മാറ്റാതെ തനിക്ക് ശരിയായ രീതിയിൽ ഗവേഷണം നടത്താൻ സാധിക്കില്ലെന്ന് ദീപ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാട് സർവകലാശാലയും തുടർന്നു.

ഹൈക്കോടതിയിൽ ഇദ്ദേഹത്തിനെതിരെ ഒരു കേസുമില്ല, എല്ലാ കേസുകളിൽനിന്നും കോടതി കുറ്റവിമുക്തനാക്കിയതാണെന്നാണ് അധികൃതർ കാരണമായി പറഞ്ഞത്. ഇതിനാൽ മറ്റൊരു കാരണമില്ലാതെ സ്ഥാനത്തുനിന്നു മാറ്റാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെയാണ് നിരാഹാരം തുടരാൻ ദീപ തീരുമാനിച്ചത്.

നിരാഹാര സമരത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ദീപയ്ക്ക് പിന്തുണ അറിയിച്ച് ഫേസ്ബുക്കിൽ ഇട്ട കുറിപ്പിനു പിറകെയാണ് ഇപ്പോൾ സർവകലാശാലയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടാകുന്നത്. അധ്യാപകനെ സ്ഥാനത്തുനിന്ന് മാറ്റാത്തതിനുള്ള കാരണം സർവകലാശാലയിൽനിന്ന് തേടുമെന്ന് മന്ത്രി കുറിപ്പിൽ അറിയിച്ചിരുന്നു. അധ്യാപകനെതിരെ നടപടി വൈകിയാൽ അദ്ദേഹത്തെ പുറത്താക്കാനുള്ള നിർദേശം സർവകലാശാലയ്ക്ക് നൽകുമെന്നും അറിയിച്ചു.

ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ സിൻഡിക്കേറ്റ് അംഗങ്ങളടക്കം പങ്കെടുത്ത ഉന്നതാധികാര യോഗത്തിൽ നന്ദകുമാറിന്റെ നാനോ സയൻസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത്. കേന്ദ്രത്തിന്റെ ചുമതല വി.സി സാബു തോമസ് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, നേരത്തെ ഉയർന്ന ആരോപണങ്ങളിൽ പ്രതിസ്ഥാനത്തുള്ളയാളാണ് സാബു തോമസ്. ഇതിനാൽ, അദ്ദേഹം കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്താൽ വിഷയത്തിൽ തനിക്ക് നീതി ലഭിക്കില്ലെന്ന നിലപാടിലാണ് ദീപ.

TAGS :

Next Story