Quantcast

ജാതി അധിക്ഷേപം: സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എഫ്ഐആർ റദ്ദാക്കണമെന്ന സാബുവിന്റെ ഹരജി നാളെ വീണ്ടും പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    13 Dec 2022 8:03 AM GMT

ജാതി അധിക്ഷേപം: സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
X

കൊച്ചി: പി.വി.ശ്രീനിജൻ എംഎൽഎക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ സാബു എം ജേക്കബ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണമെന്ന സാബുവിന്റെ ഹരജി നാളെ വീണ്ടും പരിഗണിക്കും. നേരത്തെ സാബുവിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറിയിരുന്നു. ജസ്റ്റിസ് ബദറുദീനാണ് മറ്റൊരു ബെഞ്ച് പരിഗണിക്കട്ടെയെന്ന് നിർദേശിച്ചത്.

ജാതി അധിക്ഷേപത്തിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു.എം.ജേക്കബ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംഭവദിവസം താൻ സ്ഥലത്തുപോലും ഉണ്ടായിട്ടില്ലെന്നും പി.വി.ശ്രീനിജൻ എംഎൽഎയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമെന്നും പറഞ്ഞ സാബു ജേക്കബ് പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം നിലനിൽക്കില്ല എന്നും ഹരജിയിൽ പറയുന്നു.

സാബു ജേക്കബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കോലഞ്ചേരിയിൽ എംഎൽഎ ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. പുത്തൻകുരിശ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്.

പട്ടികജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞ് സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടക്കുന്ന പരിപാടികളിൽ എംഎൽഎ യോടൊപ്പം വേദി പങ്കിടരുതെന്നും എന്നും നിർദേശം നൽകി ട്വൻ്റി ട്വൻ്റി എന്ന പ്രാദേശിക പാർട്ടി പഞ്ചായത്ത് അംഗങ്ങളെ വിലക്കി എന്നാണ് പരാതി. സാബു ജേക്കബിനെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് പ്രസിഡണ്ടിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story