ജാതി സെൻസസ് ഉടനെ എടുക്കണം: ധീവര സഭ
പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോൾ പുതിയതായി ഒരു സമുദായത്തെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്നും ആവശ്യം
ആലപ്പുഴ: സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പട്ടികയും ജാതി സെൻസസും എടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധീവര സഭ. 2021 ലെ 105-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാനും അവരുടെ സെൻസസ് എടുക്കാനുമുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റിന് വേണ്ടി വി.കെ. ബീരാൻ നൽകിയ കോടതി അലക്ഷ്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.
മണ്ഡൽ കമ്മീഷനുമായി ബന്ധപ്പെട്ട ഇന്ദിരാസാഹിനി കേസിൽ വിധി വന്നിട്ട് 30 വർഷം കഴിഞ്ഞെങ്കിലും വിധി നടപ്പിലാക്കാത്തത് ബോധപൂർവമാണെന്ന് കാണിച്ചാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക പഠനം നടത്തി റിപ്പോർട്ട് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് കൈമാറാൻ 2020 സെപ്റ്റംബർ എട്ടിന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ഇത് സംബന്ധിച്ച വി.കെ. ബീരാന്റെ കേസ് വിചാരണക്ക് എടുത്ത അവസരത്തിലാണ് കേന്ദ്ര സർക്കാർ 2021 ലെ 105-ാം ഭരണഘടനാഭേദഗതി അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാനും സെൻസസ് എടുക്കാനും ഉള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട് എന്ന് സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.
പിന്നോക്ക വിഭാഗ കമ്മീഷൻ നിയമത്തിലെ 11(1) അനുസരിച്ച് പത്തു വർഷം കൂടുമ്പോൾ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുകയും പിന്നോക്കക്കാർ അല്ലാത്തവരെ ഒഴിവാക്കുകയും പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യണം എന്നും പറഞ്ഞിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോൾ പുതിയതായി ഒരു സമുദായത്തെയും ലിസ്റ്റിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കരുതെന്നും ധീവരസഭ ആവശ്യപ്പെട്ടു. 103-ാം ഭരണഘടനാഭേദഗതി അനുസരിച്ച് പട്ടികജാതി- പട്ടികവർഗ്ഗ -പിന്നോക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട 50 ശതമാനം സംവരണം ലഭിക്കാൻ നടപടി ഉണ്ടാക്കണമെന്നും നിലവിലുള്ള സംവരണ ശതമാനത്തിൽ മാറ്റം വരുത്തി ഏറ്റവും പിന്നോക്കം നിൽക്കുന്നതും സംവരണം കുറവുള്ളതുമായ ധീവരസമുദായം പോലെയുള്ള ദുർബല വിഭാഗങ്ങൾക്ക് സംവരണം കൂട്ടി കൊടുക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നും ജനറൽ സെക്രട്ടറി വി.ദിവാകരൻ ആവശ്യപ്പെട്ടു.
നിലവിലുള്ള സംവരണത്തിൽ ധീവരസമുദായത്തിന് ക്ലാസ് 4 ൽ രണ്ട് ശതമാനം സംവരണം ഉള്ളപ്പോൾ ക്ലാസ് 1.2.3 ൽ 1 ശതമാനം സംവരണം മാത്രമാണുള്ളത്. ഇത് സംവരണം വർധിപ്പിച്ച് ഏകീകരിക്കാനും നടപടി സ്വീകരിക്കണം. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് എടുക്കുമ്പോൾ കേന്ദ്ര സർക്കാർ 2011ലെ സെൻസസിനെ സംബന്ധിച്ച് സൂചിപ്പിച്ചത് പോലെ തെറ്റുകൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ധീവര സമുദായത്തിന് 10 അവാന്തര വിഭാഗങ്ങൾ ഉണ്ട്. സെൻസസ് എടുക്കുമ്പോൾ ഈ 10- അവാന്തര വിഭാഗങ്ങളുടെയും അംഗസംഖ്യ ഒന്നിച്ചെടുത്തു പൊതു നാമധേയമായ ധീവരസമുദായത്തിന്റെ പേരിൽ പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ധീവര സഭ ആവശ്യപ്പെട്ടു.
Adjust Story Font
16