ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; സഭാ നേതാവ് ബിനു പി ചാക്കോ അറസ്റ്റില്‍
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ബിനു ചാക്കോ അറസ്റ്റിലായിട്ടുണ്ട്
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കാത്തലിക് ഫോറം നേതാവ് ബിനു പി ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ചാക്കോയെ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്‍തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കാത്തലിക് ഫോറം നേതാവും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു ബിനു പി ചാക്കോ ഇതിന് മുമ്പും ഇത്തരം കേസുകളില്‍ പ്രതി ആയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ചാക്കോക്കെതിരെ ഉയര്‍ന്നുവരുന്നതായും പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.
കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ ഇതിനുമുമ്പ് ബിനു ചാക്കോ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശിയായ നൗഷാദിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. ബിഷപ്പുമാരുടേയും വൈദികരുടേയും ഫോട്ടോയും മറ്റും കാണിച്ചാണ് പരാതിക്കാരനില്‍ നിന്ന് 21 ലക്ഷം തട്ടുകയായിരുന്നു. എറണാകുളത്ത് നിന്ന് ഇയാൾ അറസ്റ്റിലായതിന് പിന്നാലെ നിരവധി തട്ടിപ്പ് കേസുകൾ അന്ന് പുറത്ത് വന്നിരുന്നു.. ഫെഡറല്‍ ബാങ്ക്, കാത്തലിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയിലും അന്ന് കുറുവിലങ്ങാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
Adjust Story Font
16