'അധികാരത്തിലുള്ള ആരെയൊക്കെ പറ്റിച്ചു' ; മോൻസൺ കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്
മോൻസൺ കേസിൽ ചോദ്യങ്ങളുമായി കോടതി. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്. പുരാവസ്തു സാധനങ്ങൾ എന്ന് പറഞ്ഞു ആരെയൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദിച്ചു.
പുരാവസ്തു സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിയമം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പൊലീസിന് സംശയം ഉണ്ടായിരുന്നു എങ്കിൽ എന്ത് കൊണ്ട് കേസ് എടുത്തില്ല?. അധികാരത്തിൽ ഉള്ള ആരൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട്.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിട്ട് മോൻസൻ എല്ലാവരെയും കബളിപ്പിച്ചു. ഡിജിപി സമർപ്പിച്ച സത്യവാങ്മൂലം കൂടുതൽ സംശയങ്ങൾ ഉയർത്തുന്നുണ്ട്. ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തൽ വ്യക്തതയില്ല, എല്ലാ സംവിധാനങ്ങളെയും മോൻസൻ തന്നിഷ്ടത്തിന് ഉപയോഗിച്ചെന്നും കോടതി പറഞ്ഞു. മോൻസന്റെ വസതി സന്ദർശിച്ച ഡിജിപിക്കു സംശയം തോന്നിയെങിൽ എന്തുകൊണ്ട് ആ സമയം നടപടി സ്വീകരിച്ചില്ലെന്നു കോടതി ആരാഞ്ഞു. ഇയാളുടെ വീട്ടിൽ കണ്ട വസ്തുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ടതാണോ എന്ന് ആരും അന്വേഷിച്ചില്ല. വീടു സന്ദർശിച്ച ഏതെങ്കിലും ഉദ്യോഗസ്ഥർ പുരാവസ്തു നിയമത്തെക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചോ എന്നും കോടതി ചോദിച്ചു.
സംശയം തോന്നി അന്വേഷണം നടത്താൻ ഡിജിപി കത്ത് നൽകിയ ശേഷമല്ലേ മോൻസൻ പൊലീസ് സംരക്ഷണം തേടി കത്ത് നൽകയിത് എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. ഡിജിപി കത്ത് നൽകിയിട്ടും റിപ്പോർട്ട് നൽകാൻ എട്ട് മാസം എടുത്തത് എന്ത് കൊണ്ടാണെന്നും ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടു ഡിജിപി നൽകി എന്നു പറയുന്നത് ഉൾപ്പടെയുള്ള കത്തുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി നവംബർ 11നു വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.
മോൻസൻ മാവുങ്കലിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് ഭീഷണിപ്പെടുത്തുന്നെന്നു ചൂണ്ടിക്കാട്ടി ഇയാളുടെ മുൻ ഡ്രൈവർ അജി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കേസ് കേരള പൊലീസ് അന്വേഷിച്ചാൽ മതിയോ എന്ന ചോദ്യം ഉയർത്തി വിശദമായ റിപ്പോർട്ടു നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. അജിയെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
Adjust Story Font
16