ജെസ്നയെ എന്നെങ്കിലും സിബിഐ കണ്ടെത്തും; മതപരിവർത്തനം നടന്നെന്ന് പറയാൻ കഴിയില്ലെന്നും ടോമിൻ തച്ചങ്കരി
നിരാശരാകേണ്ട കാര്യമില്ല. കേസ് പൂർണമായും അടഞ്ഞു എന്ന് കരുതേണ്ടതില്ല. സിബിഐയിൽ പൂർണവിശ്വാസം ഉണ്ട്- അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി: ജെസ്ന തിരോധാന കേസ് തെളിയിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെന്നും അന്വേഷണം അവസാനിപ്പിച്ചെങ്കിലും സിബിഐയിൽ വിശ്വാസമുണ്ടെന്നും മുൻ ഡിജിപിയും ക്രൈംബ്രാഞ്ച് മേധാവിയുമായിരുന്ന മേധാവി ടോമിൻ തച്ചങ്കരി. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐയ്ക്ക് തുടർന്നും അന്വേഷിക്കാം. പൊലീസിനെയോ സിബിഐയെയോ കുറ്റം പറയാനാവില്ല. മതപരിവർത്തനം നടന്നു എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'സിബിഐ.യെ കുറ്റം പറയാനാകില്ല. ജസ്ന ഒരു മരീചികയല്ല. ഈ പ്രപഞ്ചത്തിൽ എവിടെയുണ്ടെങ്കിും ജെസ്നയെ സിബിഐ കണ്ടെത്തും. രാജ്യത്ത് ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐ. കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വമാണ്. ഒരു കേസ് വളരെ നാളുകളോളം അന്വേഷിക്കുമ്പോൾ കൃത്യമായ ലീഡില്ലെങ്കിൽ താത്ക്കാലികമായി ക്ലോഷർ റിപ്പോർട്ട് തയാറാക്കി കോടതിയിൽ കൊടുക്കും. നിരാശരാകേണ്ട കാര്യമില്ല. കേസ് പൂർണമായും അടഞ്ഞു എന്ന് കരുതേണ്ടതില്ല. സിബിഐയിൽ പൂർണവിശ്വാസം ഉണ്ട്'- അദ്ദേഹം വ്യക്തമാക്കി.
'കേസ് തെളിയിക്കുക എന്നത് പൊലീസ് ഉദ്യോഗസ്ഥന്റെയും ഭാഗ്യമാണ്. കണ്ണി പോലെ പോവുന്ന അന്വേഷണമാണിത്. ആ കണ്ണിയിൽ ഒന്ന് എവിടെയെങ്കിലും ഒന്ന് നഷ്ടമായാൽ, തെളിവുകൾ മാഞ്ഞോ മറഞ്ഞോ പോയാൽ അത് കണ്ടെത്തേണ്ടത് പൊലീസിന് ഒരു വെല്ലുവിളിയാണ്. അന്വേഷണ ഏജൻസികൾക്ക് താൽക്കാലിക വിശ്രമം ഉണ്ടെങ്കിലും ഇത് തെളിയുമെന്നാണ് വിശ്വാസം. ലോകത്ത് പല കേസുകളും ഇങ്ങനെ തെളിയപ്പെടാതെ കിടക്കുന്നുണ്ട്. ടൈറ്റാനിക് തന്നെ മുങ്ങിപ്പോയിട്ട് എത്രയോ വർഷം കഴിഞ്ഞിട്ടാണ് അതിന്റെ യഥാർഥ ചിത്രം കിട്ടിയത്. അതിനാൽ നിരാശരാകേണ്ട'.
'ഞങ്ങൾ അന്വേഷിക്കുമ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ കുടുംബം ആവശ്യപ്പെട്ടതുപ്രകാരം അന്വേഷണം സിബിഐയിലേക്ക് മാറി. ഇതൊരു വെല്ലുവിളിയായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ആരും മനഃപൂർവമായി കുറ്റം ചെയ്തതായി കാണുന്നില്ല. ലോക്കൽ പൊലീസ് നൂറുകണക്കിന് കേസുകൾ അന്വേഷിക്കുമ്പോൾ എല്ലാം കൃത്യമായി അന്വേഷിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ടാണല്ലോ അവരിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിന് കൊടുത്തത്. ഞങ്ങളും തെളിയിക്കാതിരുന്നിട്ടാണല്ലോ സിബിഐയ്ക്ക് കൊടുത്തത്. അവരെ പോലെയല്ല, ഞങ്ങൾ അന്വേഷിച്ചത് മറ്റൊരു ദിശയിലായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് കുറച്ച് ലീഡുകൾ കിട്ടിയത്'.
ജെസ്‌നയുടെ തിരോധാനം ഒരു ആസൂത്രിത ഓപറഷനാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതിനെ പറ്റി അന്വേഷിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഒരു മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവമായൊരു തെറ്റ് ഒരു അന്വേഷണ ഉദ്യോഗസ്ഥനും നടത്തിയതായി തോന്നുന്നില്ല. കാരണം ജെസ്‌നയെ കണ്ടെത്തൽ ഒരു അഭിമാനമല്ലേ, വെല്ലുവിളിയല്ലേ. കണ്ടെത്തിയാൽ അതിൽപ്പരം സന്തോഷം മറ്റെന്തുണ്ട്. ഇന്ത്യയിലെയും കേരളത്തിലേയും അന്വേഷണ ഏജൻസികളും ഒന്നാണ്. ഞങ്ങളും സിബിഐയും തമ്മിൽ പൂർണ സഹകരണം അങ്ങോട്ടുമിങ്ങോട്ടുമുണ്ട്.
ഒരു കവലപ്രസംഗം നടത്തുന്നതുപോലല്ലല്ലോ കേസ് അന്വേഷിക്കുന്നത്. മതപരിവർത്തനം നടന്നിട്ടുണ്ടെന്ന് പറഞ്ഞാൽ അതിന് തെളിവ് കൊടുക്കണ്ടേ. മതപരിവർത്തനം നടന്നു എന്നതിന് തെളിവില്ല എന്ന് സിബിഐ പറഞ്ഞിട്ടുണ്ട്. മതപരിവർത്തനം നടന്നു എന്ന് പറയാൻ എനിക്കും കഴിയില്ല. പക്ഷേ ഇതൊരു ചലഞ്ചായി അവശേഷിക്കുന്നു. പ്രപഞ്ചത്തിൽ എവിടെപ്പോയി ഒളിച്ചിരുന്നാലും മറഞ്ഞിരുന്നാലും മരിച്ചാലും സിബിഐ ഉറപ്പായും കണ്ടെത്തുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെസ്നയ്ക്ക് എന്ത് സംഭവിച്ചൂവെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് സിബിഐ കഴിഞ്ഞദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ ജെസ്നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിലൂടെ നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ലഭിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചുവെന്നതിന് ഒരു തെളിവുമില്ല.
Adjust Story Font
16