തൃശൂരിലെ ആൾകൂട്ട ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വിദ്യാർഥി പ്രതികരിച്ചത് തന്നോട് നാട്ടുകാരൻ മോശമായി പെരുമാറിയപ്പോഴെന്ന് അധ്യാപിക
വിദ്യാർഥികളോട് നേരത്തെ തന്നെ നാട്ടുകാർക്ക് എതിർപ്പുണ്ടെന്നും അവരുടെ അമർഷം മുഴുവൻ തീർക്കുകയായിരുന്നുവെന്നും ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടഞ്ഞതാണ് താൻ ചോദ്യം ചെയ്തതെന്നും അമൽ പറഞ്ഞു.
തൃശൂരിൽ വിദ്യാർത്ഥിനി ബൈക്കിൽ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂര മർദ്ദനം. ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിനാണ് മർദനമേറ്റത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അക്രമത്തിന് തുടക്കമിട്ടത് വിദ്യാർഥിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തന്നോട് മോശമായി പെരുമാറിയപ്പോഴാണ് അമൽ പ്രതികരിച്ചതെന്ന് കോളജിലെ അധ്യാപിക സൂര്യ പറഞ്ഞു.
അമൽ ഓടിച്ചിരുന്ന ബൈക്കിൽ നിന്ന് സഹപാഠി റോഡിൽ വീണതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. അമൽ ബൈക്കിന്റെ മുൻവശം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് പിറകിലിരുന്ന പെൺകുട്ടി വീണതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തം. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ അമലിനെ ചോദ്യം ചെയ്തു. വിവരം അറിഞ്ഞെത്തിയ അധ്യാപകരും മറ്റ് വിദ്യാർഥികളും പരിക്കേറ്റ സഹപാഠിയെ ആശുപത്രിയലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും എതിർത്ത നാട്ടുകാർ മോശമായി പെരുമാറിയെന്ന് അധ്യാപിക പറയുന്നു.
നാട്ടുകാരുടെ നിലപാട് ചോദ്യം ചെയ്ത അമൽ രൂക്ഷമായി പ്രതികരിച്ചു. ഇതോടെ കൂടി നിന്നവർ ആക്രമിക്കുകയായിരുവെന്നും അധ്യാപിക സൂര്യ പറഞ്ഞു. അമലിനെ നിലത്തിട്ട് ചവിട്ടി. ഡേവിസ് എന്നയാൾ അമലിന്റെ തലയിൽ കല്ല് വെച്ച് ഇടിച്ചു. വിദ്യാർഥികളോട് നേരത്തെ തന്നെ നാട്ടുകാർക്ക് എതിർപ്പുണ്ടെന്നും അവരുടെ അമർഷം മുഴുവൻ തീർക്കുകയായിരുന്നുവെന്നും ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടഞ്ഞതാണ് താൻ ചോദ്യം ചെയ്തതെന്നും അമൽ പറഞ്ഞു.
സംഭവത്തിൽ കൊടകര സ്വദേശി ഡേവിഡ്, ചീയാരം സ്വദേശി ആന്റോ എന്നിവർക്കെതിരെയും അമലിനെതിരെയും പോലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ ഉള്ളവർക്കെതിരെ മുഴുവൻ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Adjust Story Font
16