Quantcast

ബ്രഹ്മോസിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു; ഈഞ്ചയ്ക്കലിൽ കുട്ടിയെ കണ്ടെന്ന് കുടുംബത്തിന്‍റെ മൊഴി

കുട്ടിയെ കണ്ടെന്ന് അവകാശപ്പെട്ട കുടുംബത്തെ പേട്ട പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 Feb 2024 8:20 AM GMT

The police have receives CCTV footages which may be crucial in the Pettah child kidnap, CCTV footages in Pettah child kidnap
X

തിരുവനന്തപുരം: പേട്ടയിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായകമാകാനിടയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ബ്രഹ്മോസിന്റെ പരിസരത്തുനിന്നു ലഭിച്ച ദൃശ്യങ്ങളിലാണു രണ്ടുപേർ ബൈക്കിൽ സഞ്ചരിക്കുന്നതു വ്യക്തമായത്. ഇവർക്കൊപ്പം ഒരു കുട്ടിയും ഉള്ളതായി സംശയിക്കുന്നുണ്ട്. അതിനിടെ, ഈഞ്ചയ്ക്കലിൽ കുട്ടിയെ കണ്ടെന്നു മൊഴി നൽകിയയാളെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.

സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചു തിരച്ചിൽ തുടരുന്നതിനിടെയാണ് രാത്രിസമയത്തെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. ബ്രഹ്മോസിനു സമീപത്തുകൂടെ രണ്ടുപേർ ബൈക്കിൽ പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഇവർക്കിടയിൽ ഒരു കുട്ടിയും ഉള്ളതായി സംശയിക്കുന്നുണ്ട്. രാത്രി 12നുശേഷമുള്ള ദൃശ്യങ്ങളാണിവ. കുട്ടിയെ കാണാതായതിനു സമീപത്തുനിന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്.

അതിനിടെയാണു കുട്ടിയെ ഈഞ്ചയ്ക്കലിൽനിന്നുള്ള ഒരു കുടുംബം പൊലീസിനെ അറിയിച്ചത്. വാഹനത്തിൽ കുട്ടിയെ കൊണ്ടുപോകുന്നതു കണ്ടെന്നാണു മൊഴി. പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ഇവരെ കൂടുതൽ മൊഴിയെടുക്കാനായാണ് പേട്ട പൊലീസ് സ്റ്റേഷനിലേക്കാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.

കുട്ടിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മൂമ്മ അടക്കമുള്ള ബന്ധുക്കളെയാണ് സ്റ്റേഷനിൽ എത്തിച്ചത്. ഇവരുടെ മൊഴി രേഖപ്പെടുത്തും. ഡി.സി.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുമെന്നാണു വിവരം.

സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല. രക്ഷിതാക്കളുടെ മൊഴി സാധൂകരിക്കുന്ന തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് അറിയിച്ചത്. മൊഴിയിൽ പറയുന്ന രാത്രിസമയത്ത് തട്ടിക്കൊണ്ടുപോകൽ നടന്നതിനു തെളിവില്ല. ആ സമയത്ത് പരിസരത്ത് അസ്വഭാവിക നീക്കങ്ങൾ നടന്നിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നു.

കുട്ടിയെ കാണാതായി 13 മണിക്കൂർ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ജില്ലയിലും ജില്ലയ്ക്കു പുറത്തും രണ്ട് വയസുകാരിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തിനു പുറമെ അയൽജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കന്യാകുമാരി പൊലീസിൻരെ സഹായവും തേടിയിട്ടുണ്ട്.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പേട്ടയിൽനിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളായ അമർദീപ്-റബീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. ആക്ടിവ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിക്കുന്നത്. പേട്ട ഓൾ സെയിന്റ്‌സ് കോളജിനു സമീപത്തെ വഴിയരികിലാണു കുട്ടികൾ ഉറങ്ങിയിരുന്നത്. കോളജിനു പിറകുവശത്തെ ചതുപ്പിൽ ടെന്റ് അടിച്ചാണ് ഇവർ താമസിച്ചിരുന്നത്. കാണാതാകുമ്പോൾ കറുപ്പിൽ പുള്ളിയുള്ള ടീ ഷർട്ടാണു കുട്ടി ധരിച്ചിരുന്നതെന്നു കുടുംബം പറയുന്നു.

രാത്രി ഒൻപതരയോടെ ഭക്ഷണം കഴിഞ്ഞ് കിടന്നതായിരുന്നു. ഇതിനുശേഷം രാത്രി 12 മണിയോടെ രണ്ടാമത്തെ സഹോദരന്റെ ബഹളം കേട്ടാണു ദമ്പതികൾ ഉണരുന്നത്. ഈ സമയത്ത് കുട്ടി ഇവിടെയുണ്ടായിരുന്നില്ല. തുടർന്ന് പരിസരങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല. ഒടുവിൽ, ദമ്പതികൾ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

എന്തെങ്കിലും സംശയമോ സൂചനയോ ലഭിക്കുന്ന പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാനായി പേട്ട പൊലീസ് നമ്പറുകൾ പുറത്തുവിട്ടു. വിവരങ്ങൾ ലഭിക്കുന്നവർ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Summary: The police have receives CCTV footages which may be crucial in the Pettah child kidnap

TAGS :

Next Story