സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; 'അമ്മ'യും മോഹൻലാലും പിൻമാറി
ടീമിന്‍റെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയ മോഹന്‍ലാല്‍ പദവിയില്‍ നിന്നൊഴിഞ്ഞു. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ ലീഗെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു
കേരള സ്ട്രൈക്കേഴ്സ് ജഴ്സിയില്‍ താരങ്ങള്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ 'അമ്മ'യും മോഹൻലാലും പിൻമാറി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാനേജ്മെന്‍റുമായുള്ള ഭിന്നതയെത്തുടർന്നാണ് താരസംഘടനയുടെ പിന്മാറ്റം. ടീമിന്‍റെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയ മോഹന്‍ലാല്‍ പദവിയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു കുറ്റപ്പെടുത്തി.
തമിഴ് താരങ്ങളായ രാജ്കുമാർ സേതുപതിയും ഭാര്യ ശ്രീപ്രിയയും ഷാജി ജെയ്സണുമാണ് നിലവില്‍ കേരള സ്ട്രൈക്കേഴ്സിന്‍റെ ഉടമസ്ഥർ. ലീഗില്‍ കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനുമാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ ഇനി ടീം മത്സരിക്കുക സ്വന്തം നിലക്കാണെന്നും കേരള സ്ട്രൈക്കേഴ്സിനും 'അമ്മ'യെന്ന താരസംഘടനയ്ക്കും യാതൊരു ബന്ധവുമില്ലെന്നും 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.
മോശം തുടക്കം... ഇപ്പോള്‍ മോശം ഒടുക്കവും
ഈ സീസണില്‍ കേരള സ്ട്രൈക്കേഴ്സിന് തോൽവിയോടെയാണ് ആരംഭിച്ചത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് സ്ട്രൈക്കേഴ്സ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ദനയീയ തോല്‍വിയാണ് ടീം വഴങ്ങിയത്. ആദ്യ മത്സരത്തിൽ തെലുങ്ക് വാരിയേഴ്സിനോട് പരാജയപ്പെട്ട കേരള സ്ട്രൈക്കേഴ്സ് കഴിഞ്ഞ മത്സരത്തില്‍ കർണാടക ബുൾഡോസേഴ്സിനോടും എട്ട് വിക്കറ്റിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
Adjust Story Font
16